1

നെയ്യാറ്റിൻകര: കൊവിഡ് രൂക്ഷമായതിനെത്തുടർന്ന് ഏർപ്പെടുത്തിയ വാരാന്ത്യ നിയന്ത്രണം നെയ്യാറ്റിൻകരയിൽ ജനങ്ങൾ പാലിച്ചില്ല. കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയെങ്കിലും നാമമാത്രമായ യാത്രക്കാരാണുണ്ടായിരുന്നത്. സമാന്തര സർവീസ് വാഹനങ്ങളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. എന്നാൽ ടൂവീലർ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. ആശുപത്രിയിലെത്തേണ്ടവരും മറ്റ് കാര്യങ്ങൾക്ക് പോകുന്നവരും സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകൾ സഹിതം യാത്ര നടത്തി. തിരക്കേറിയ അമരവിള, ആലുംമൂട് ജംഗ്ഷൻ, ആശുപത്രി ജംഗ്ഷൻ, ടി.ബി ജംഗ്ഷൻ എന്നിവിടങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചാണ് പൊലീസ് തിരക്ക് നിയന്ത്രിച്ചത്. അതേസമയം സത്യവാംങ് മൂലം ഇല്ലാതെ നിരത്തിലിറങ്ങിയവരിൽ നിന്നും പൊലീസ് പിഴയീടാക്കി. ചിലരെ കാര്യങ്ങൾ പറഞ്ഞ് തിരിച്ചയച്ചപ്പോൾ ഒന്നിലധികം തവണ ടൗണിലെത്തിയവരിൽ നിന്ന് അഞ്ഞൂറു രൂപ വീതം പിഴയീടാക്കി. ഇതിനു പുറമെ അമിതഭാരം കയറ്റി വന്ന വാഹനങ്ങളെയും കസ്റ്റഡിയിലെടുത്തു പിഴയീടാക്കി വിട്ടയച്ചു. മാസ്ക് ധരിക്കാതെ സ്കൂട്ടറിൽ ഹെൽമറ്റ് വച്ച് വന്നവർ, കാറിൽ എ.സിയിട്ട് മാസ്ക് വയ്ക്കാതെ വന്നവർ, അനാവശ്യമായി റോ‌ഡിൽ ബൈക്കിൽ കറങ്ങുന്നവരെയും കസ്റ്റഡിയിലെടുത്ത് പിഴയീടാക്കിയ ശേഷം വിട്ടയച്ചു. നെയ്യാറ്റിൻകര എസ്.എച്ച്.ഒ പി. ശ്രീകുമാർ, എസ്.ഐ അജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.