തിരുവനന്തപുരം: കൊവിഡ് വാക്സിൻ കേന്ദ്രസർക്കാർ പൂർണമായും സൗജന്യമായി നൽകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വാക്സിൻ സൗജന്യമായി നൽകുമെന്ന് ധനമന്ത്രി ബഡ്ജറ്റിൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ വാക്സിൻ ചലഞ്ചിന്റെ ആവശ്യമില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബഡ്ജറ്റിൽ പ്രഖ്യാപിക്കുമ്പോൾ അതിനുള്ള തുക വകയിരുത്തിയിട്ടുണ്ടാകും. ഇത് വിവാദമാക്കാനാഗ്രഹിക്കുന്നില്ല. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നത് ഏത് ഘട്ടത്തിലും സ്വാഗതാർഹമാണ്.
കൃത്യമായി ഓൺലൈൻ വഴി ടോക്കൺ നൽകുകയും ടൈം സ്ലോട്ട് അനുവദിക്കുകയും തിരക്കൊഴിവാക്കാൻ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങുകയും വേണം. വാക്സിൻസ്ലോട്ടുകൾ ബുക്ക് ചെയ്യാനും വിവരങ്ങൾ ലഭിക്കാനും കോൾസെന്റർ സംവിധാനം ആലോചിക്കണം. ഹൈ റിസ്ക് രോഗികൾക്ക് വാക്സിനേഷനിൽ മുൻഗണന നൽകണം.
സർക്കാരിന് പിന്തുണ
സർക്കാരും ആരോഗ്യവകുപ്പുമെടുക്കുന്ന എല്ലാ നടപടികളെയും പ്രതിപക്ഷം പിന്തുണയ്ക്കും. കൊവിഡിനെതിരായ പോരാട്ടത്തിൽ മുന്നിട്ടിറങ്ങാൻ യു.ഡി.എഫ് പ്രവർത്തകരെ ആഹ്വാനം ചെയ്യുന്നു.
ആഹ്ലാദപ്രകടനം അതിരുവിടരുത്
ലോക്ക്ഡൗൺ കഴിയുന്നത്ര ഒഴിവാക്കണം.വോട്ടെണ്ണൽദിനത്തിൽ വലിയതോതിൽ ആഹ്ലാദപ്രകടനങ്ങൾ വേണ്ടെന്ന നിലപാട് സർവകക്ഷിയോഗത്തിൽ അറിയിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.