കിളിമാനൂർ: കൊവിഡ് കരുതലിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പ്രദേശത്ത് ലോക്ക് ഡൗണിന് സമാനമായ അന്തരീക്ഷമാണ് ഉണ്ടാക്കിയത്. വെഞ്ഞാറമൂട്, കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്നും അറുപത് ശതമാനം സർവീസുകൾ നടത്തിയിരുന്നങ്കിലും യാത്രക്കാരില്ലാത്തതിനാൽ പല സർവീസുകളും നിറുത്തിവച്ചു. ഭൂരിഭാഗം കടകളും അടഞ്ഞു കിടന്നു. പ്രൈവറ്റ് ബസുകൾ സർവീസ് നടത്തിയില്ല.
ജനങ്ങൾ പുറത്തിറങ്ങാത്തതിനാലും, സർക്കാർ, പൊതുമേഖല, വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും പ്രവർത്തിക്കാത്തതിനാലും ഓട്ടോ, ടാക്സി തുടങ്ങിയവയും നിരത്തിലിറങ്ങിയില്ല. ഹയർ സെക്കൻഡറി പരീക്ഷ നടന്നതിനാൽ വിദ്യാർത്ഥികളുമായി രക്ഷിതാക്കൾ സ്വകാര്യ വാഹനങ്ങളിൽ എത്തി.
മെഡിക്കൽ സ്റ്റോർ, പച്ചക്കറി കട തുടങ്ങിയവ തുറന്നെങ്കിലും ഉപഭോക്താക്കൾ കുറവായിരുന്നു. ഹോട്ടലുകളും പ്രവർത്തിച്ചില്ല. പൊലീസ് പ്രദേശത്ത് കർശന പരിശോധന ഏർപ്പെടുത്തിയിരുന്നു. ജില്ലാതിർത്തിയായ വാഴോട് ഡി.ഐ.ജി സഞ്ജയ് കുമാറിന്റെ നേേതൃത്വത്തിൽ വാഹന പരിശോധന നടത്തി. അവശ്യ സർവീസുകാർക്ക് മാത്രം യാത്രാനുമതി നൽകി. അല്ലാത്ത വാഹനങ്ങൾക്ക് പിഴ ഈടാക്കി. ഇന്നും കർശന പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.