തിരുവനന്തപുരം: കൊവിഡ് മഹാമാരിയെ സ്വയംപുകഴ്ത്തലിനും കേന്ദ്രസർക്കാരിനെതിരായ വിഷലിപ്ത പ്രചാരണങ്ങൾക്കും ഉപയോഗിക്കുന്നത് സി.പി.എം തുടരുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ആരോപിച്ചു. കഴിഞ്ഞ ദിവസം എത്തിയ ആറര ലക്ഷം ഡോസ് അടക്കം 70 ലക്ഷം ഡോസ് വാക്‌സിൻ സൗജന്യമായി ലഭിച്ച സംസ്ഥാനത്ത് സൗജന്യവാക്‌സിൻ കേന്ദ്രം പൂർണമായി അവസാനിപ്പിച്ചു എന്ന വ്യാജപ്രചാരണമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു. 280 കോടി രൂപയാണ് സംസ്ഥാനത്തിന് ഇതുവഴി ലാഭിക്കാനായത്. വാക്‌സിൻ വിതരണത്തിൽ നിന്ന് കേന്ദ്രം പൂർണമായും പിൻമാറിയെന്ന വ്യാജപ്രതീതി സൃഷ്ടിക്കുന്ന സി.പി.എമ്മും കോൺഗ്രസും തുടർന്നും കേന്ദ്രസർക്കാർ വാങ്ങുന്ന 50 ശതമാനം വാക്‌സിൻ സംസ്ഥാനങ്ങൾക്ക് സൗജന്യമായിത്തന്നെ കിട്ടുമെന്നത് ബോധപൂർവം മറച്ചുവയ്ക്കുകയാണ്.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും സ്വകാര്യമേഖലയുടെയും പങ്കാളിത്തത്തോടെ മാത്രമേ ഈ യജ്ഞം വിജയിപ്പിക്കാനാകൂ.
അതിനാലാണ് വാക്സിൻ നയം ഉദാരമാക്കാനും വികേന്ദ്രീകരിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചത്.