അനിയന്ത്രിത തോതിൽ ഉയർന്നുകൊണ്ടിരിക്കുന്ന കൊവിഡ് കേസുകൾ സംസ്ഥാനങ്ങളെ മാത്രമല്ല കേന്ദ്ര സർക്കാരിനെയും സമ്മർദ്ദത്തിലാക്കിക്കൊണ്ടിരിക്കുകയാണ്. മഹാമാരിയെ ഫലപ്രദമായി നേരിടുകയെന്നുള്ളത് ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിട്ടുമുണ്ട്. ഈ മഹായജ്ഞത്തിൽ ധാരാളം പാളിച്ചകളും നോട്ടക്കുറവുകളും കെടുകാര്യസ്ഥതയുമൊക്കെ ഉണ്ടാകുന്നു എന്നതും മറച്ചുവച്ചിട്ടു കാര്യമില്ല. നൂറ്റിമുപ്പത്തഞ്ചു കോടി ജനങ്ങളുള്ള രാജ്യത്ത് ഇതൊക്കെ സംഭവിക്കാവുന്ന കാര്യങ്ങൾ തന്നെ. എന്നുവച്ച് രോഗം പിടിപെട്ട മനുഷ്യരെ ഒരു സർക്കാരും മനഃപൂർവം മരണത്തിലേക്ക് തള്ളിയിടാൻ നോക്കാറില്ല. ആരോഗ്യ - ചികിത്സാ സംവിധാനങ്ങൾ വേണ്ടത്രയില്ലാത്ത സംസ്ഥാനങ്ങൾ ഈ വിഷയത്തിൽ പിന്നിലായെന്നു വരാം. അവിടങ്ങളിലും പക്ഷേ ഒരാളുടെയും ജീവൻ കൊവിഡിൽ പൊലിയാതിരിക്കാൻ ഭരണകൂടം പരമാവധി ശ്രമിക്കുക തന്നെ ചെയ്യും. ആശുപത്രികൾക്ക് ഉൾക്കൊള്ളാനാകാത്ത തരത്തിൽ കൊവിഡ് രോഗികൾ വർദ്ധിക്കുന്നതാണ് പല സംസ്ഥാനങ്ങളും നേരിടുന്ന പ്രശ്നം. ഡോക്ടർമാരുടെയും പാരാമെഡിക്കൽ സ്റ്റാഫിന്റെയും കുറവും വലിയ പ്രശ്നമാണ്. അതിനൊപ്പമാണ് കൊവിഡ് ചികിത്സയിൽ ഒഴിച്ചുകൂടാത്ത ഇനമായ ഓക്സിജന്റെ വൻതോതിലുള്ള ക്ഷാമം. പിടിച്ചാൽ പിടികിട്ടാത്ത തരത്തിൽ രോഗവ്യാപനം രൂക്ഷമായ ഡൽഹി പോലുള്ള ഇടങ്ങളിൽ ആശുപത്രികളിൽ കഴിയുന്ന തങ്ങളുടെ ഉറ്റവർക്ക് ഓക്സിജൻ എത്തിക്കാനായി ജനങ്ങൾ പരക്കം പായുകയാണ്. ഉന്നത നീതിപീഠങ്ങളുടെ ഇടപെടൽ വരെ ഇതിനകം ഉണ്ടായിക്കഴിഞ്ഞു. ലഭ്യമായിടങ്ങളിൽ നിന്നെല്ലാം ഓക്സിജൻ ഇറക്കുമതി ചെയ്യാൻ കേന്ദ്രവും നടപടി എടുത്തിട്ടുണ്ട്. ഓക്സിജൻ ഉത്പാദിപ്പിക്കാനുള്ള 23 പ്ളാന്റുകൾ ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. റഷ്യയും അരലക്ഷം ടൺ ഓക്സിജൻ സിലിണ്ടറുകളും നാലുലക്ഷം റെംഡെസിവിർ ഔഷധവും അടിയന്തരമായി ഇന്ത്യയിലേക്ക് അയയ്ക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഫ്രാൻസും സഹായഹസ്തവുമായി ഒപ്പമുണ്ട്. ഓക്സിജന് അടിയന്തര ആവശ്യം നേരിടുന്ന ഇടങ്ങളിലെല്ലാം അത് എത്തിക്കുന്നതിന് സേനാ വിമാനങ്ങളുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്. ഗുരുതര നിലയിലായിക്കഴിഞ്ഞ കൊവിഡ് സ്ഥിതിവിശേഷം നേരിടാനുള്ള ക്രിയാത്മക നടപടികളായി വേണം ഇതിനെയൊക്കെ കാണാൻ.
ഇതിനിടെ കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ വലിയ വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്. വാക്സിൻ നിർമ്മാതാക്കളെ കേന്ദ്രം സഹായിക്കുന്നു എന്നാണ് ആരോപണം. വാക്സിന് സംസ്ഥാനങ്ങൾ ഉയർന്ന വില നൽകേണ്ടിവരുന്നതും വിമർശന വിധേയമായിട്ടുണ്ട്. കേന്ദ്രത്തിന് 150 രൂപയ്ക്കു നൽകുമ്പോൾ സംസ്ഥാനങ്ങൾ ഒരു ഡോസിന് 400 രൂപ നൽകണം. സ്വകാര്യ ആശുപത്രികളാകട്ടെ 600 രൂപയും. കേന്ദ്രം വാക്സിൻ വാങ്ങി ആവശ്യാനുസരണം സംസ്ഥാനങ്ങൾക്കു വിതരണം ചെയ്യണമെന്നാണ് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത്. എന്നാൽ വാക്സിൻ ചെലവിന്റെ പകുതി കേന്ദ്രം വഹിക്കാമെന്ന ഉറപ്പാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ സമ്മേളനത്തിൽ നൽകിയത്. വാക്സിനും ഓക്സിജനുമായി ബന്ധപ്പെട്ട കാര്യങ്ങൾ വലിയൊരു രാഷ്ട്രീയ വിവാദമായി വളർന്നുകഴിഞ്ഞു. കേന്ദ്രത്തിനെതിരെ അല്ലാതെ തന്നെ വാളെടുത്തു നിന്നിരുന്ന പ്രതിപക്ഷങ്ങൾക്ക് കൊവിഡ് സാഹചര്യങ്ങൾ നല്ല അവസരമായി എന്നതാണ് വാസ്തവം. രാജ്യത്ത് ഇതിനകം പതിനാലു കോടിയിൽപ്പരം പേർക്ക് കൊവിഡ് വാക്സിൻ നൽകിക്കഴിഞ്ഞു എന്നാണു കണക്ക്. കേന്ദ്രമാണ് അതിനാവശ്യമായ വാക്സിൻ സംസ്ഥാനങ്ങൾക്ക് വില വാങ്ങാതെ തന്നെ എത്തിച്ചത്. 45-നു മുകളിലുള്ള സകലർക്കും തുടർന്നും സൗജന്യമായിത്തന്നെ വാക്സിൻ നൽകാമെന്ന് കേന്ദ്രം ഉറപ്പും നൽകിയിട്ടുണ്ട്. ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ വാക്സിൻ ഉത്പാദിപ്പിക്കുന്നത് ഇവിടെയാണെന്ന കാര്യം മറന്നുകൂടാ. വാക്സിൻ നിർമ്മാതാക്കൾ വ്യത്യസ്ത വില ഈടാക്കുന്നതിന് അവരുടേതായ കാരണങ്ങൾ കാണും. കേന്ദ്രമായാലും സംസ്ഥാനങ്ങളായാലും കമ്പനി നിശ്ചയിക്കുന്ന വിലയ്ക്ക് വാക്സിൻ വാങ്ങേണ്ടിവരും. കമ്പനികൾ അതു സൗജന്യ നിരക്കിൽ നൽകണമെന്ന് എങ്ങനെ ആവശ്യപ്പെടാനാകും. എല്ലാവർക്കും വാക്സിൻ നൽകുകയെന്നത് ഭരണകൂടത്തിന്റെ കർത്തവ്യമായി മാറുമ്പോൾ വിലയെച്ചൊല്ലി വിമർശനമുയർത്തി കടിപിടി കൂടുന്നത് നിരർത്ഥകമാണ്. വില കൊടുത്തിട്ടായാലും വാക്സിൻ ആവശ്യത്തിന് ലഭിക്കുമല്ലോ എന്നതാണ് ഏറെ ആശ്വാസകരം. ലക്ഷം കോടിയോ അതിനു മുകളിലോ വാർഷിക ബഡ്ജറ്റുള്ള സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ആയിരമോ രണ്ടായിരമോ കോടി വാക്സിനായി മുടക്കേണ്ടിവന്നാലും അധിക ചെലവായി കാണേണ്ടതില്ല. ജനങ്ങളുടെ പ്രാണനുവേണ്ടിയാണല്ലോ അതെന്ന് ഓർത്ത് സമാധാനപ്പെടുകയാണു വേണ്ടത്.
കേന്ദ്രത്തിന്റെ വാക്സിൻ നയത്തിനെതിരെ ഇടതു ജനാധിപത്യ മുന്നണി പ്രക്ഷോഭത്തിനൊരുങ്ങുന്നതായി പ്രഖ്യാപനം വന്നുകഴിഞ്ഞു മറ്റു പാർട്ടിക്കാരും പിറകെ എത്താതിരിക്കില്ല. അടുത്ത ബുധനാഴ്ച എൽ.ഡി.എഫ് നേതൃത്വത്തിൽ വീട്ടുമുറ്റങ്ങളിൽ അര മണിക്കൂർ സത്യാഗ്രഹമിരിക്കാനാണ് പരിപാടി. ഏതായാലും പ്രക്ഷോഭം വീട്ടുമുറ്റങ്ങളിലൊതുക്കാനുള്ള തീരുമാനം ഔചിത്യപൂർവമായി. എന്നാൽ 'കോർപ്പറേറ്റ് ഭീമന്മാർക്ക്" കൊള്ളലാഭമുണ്ടാക്കാൻ വേണ്ടി കേന്ദ്രം അവസരമൊരുക്കുന്നു എന്നും മറ്റുമുള്ള ആക്ഷേപം യഥാർത്ഥ വസ്തുതകൾക്കു നിരക്കുന്നതാണെന്ന് തോന്നുന്നില്ല. രാജ്യം ഇപ്പോൾ നേരിടുന്നതുപോലൊരു ദുരിതാവസ്ഥയിൽ വാക്സിൻ ഉത്പാദകരെ ജനദ്രോഹികളും കൊള്ളലാഭക്കാരുമായി മുദ്രകുത്താതിരിക്കാനുള്ള വിവേകം ഉത്തരവാദപ്പെട്ടവർ കാണിക്കണം. ജനങ്ങളും രാജ്യവും ഏറ്റവും വലിയ ദുരന്തം നേരിട്ടുകൊണ്ടിരിക്കുമ്പോൾ ഒത്തൊരുമയോടെ അതിനെ നേരിടുകയാണു വേണ്ടത്. ഇത്തരം സന്ദർഭങ്ങളിൽ രാഷ്ട്രീയം ഏറ്റവും അവസാനമായേ കടന്നുവരാവൂ.
വാക്സിൻ സ്വീകരിച്ചുകഴിഞ്ഞവരുടെയും സ്വീകരിക്കാനിരിക്കുന്നവരുടെയും കൃത്യമായ കണക്ക് അധികൃതരുടെ പക്കലുണ്ട്. അതുവച്ചുകൊണ്ട് കൃത്യമായ ആസൂത്രണത്തോടെ കുത്തിവയ്പ് ഷെഡ്യൂളുകൾ നിശ്ചയിക്കാവുന്നതേയുള്ളൂ. ഒറ്റയടിക്ക് വാക്സിൻ വാങ്ങി ശേഖരിക്കേണ്ടിവരില്ല. തീരുന്ന മുറയ്ക്ക് മുടങ്ങാതെ സപ്ളൈ എത്തിക്കാൻ നോക്കിയാൽ മതി. വിദഗ്ദ്ധ സമിതിക്ക് അനായാസം ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണിതൊക്കെ.