നെയ്യാറ്റിൻകര: കൂടുതൽ പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനും വാക്സിൻ നൽകാനും നെയ്യാറ്റിൻകര നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനം. കൊവിഡ് വ്യാപനം ദ്രുതഗതിയിൽ നടക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. വാർഡ് തല മോണിറ്ററിംഗ് കമ്മിറ്റിയിൽ കൗൺസിലർമാർ, ആരോഗ്യപ്രവർത്തകർ, ജനമൈത്രി പൊലീസ്, കുടുംബശ്രീ അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരെ ഉൾപ്പെടുത്തി തുടർനടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. ക്വാറന്റീനിലും ഐസൊലേഷനിലും കഴിയുന്നവരെ പ്രത്യേകം നിരീക്ഷിക്കാനും ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ സി.എഫ്.എൽ.ടി.സി തുറക്കാനും യോഗം തീരുമാനിച്ചു. നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹൻ അദ്ധ്യക്ഷനായിരുന്നു.