ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഓക്സിജന് ക്ഷാമം നേരിട്ടത് പരിഹരിക്കാൻ കേന്ദ്രസർക്കാർ മുൻകൈയെടുത്ത് ഉദ്പാദനം വർദ്ധിപ്പിച്ചു. നിലവിൽ 7100ടൺ ഓക്സിജനാണ് ഇന്ത്യയിൽ പ്രതിദിനം ഉദ്പാദിപ്പിക്കുന്നത്. 3300 ടൺ അധികം ഉദ്പാദിപ്പിക്കാനാണ് തീരുമാനം.
മെഡിക്കൽ ഓക്സിജൻ ക്ഷാമം രൂക്ഷമായ ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് ഉൾപ്പെടെ കൊവിഡ് പിടിമുറുക്കിയ 20 സംസ്ഥാനങ്ങൾക്ക് ദിവസം 6822 ടൺ ഓക്സിജനാണ് വേണ്ടത്. കൊവിഡ് രണ്ടാംതരംഗം രൂക്ഷമായ ഏപ്രിൽ 12 ന് ഇന്ത്യയിലെ ഓക്സിജൻെറ ആവശ്യം 3842 ടൺ മാത്രമായിരുന്നു. 2-3 ആഴ്ച മുമ്പ് ആസൂത്രണം ചെയ്‌തിരുന്നെങ്കിൽ ഡൽഹിയിൽ ഓക്സിജൻ ക്ഷാമം ഉണ്ടാവില്ലായിരുന്നെന്ന് വിദഗ്ദ്ധർ പറയുന്നു. ഉദ്പാദന കേന്ദ്രത്തിൽ നിന്ന് ഓക്സിജൻ എത്തിക്കാൻ കഴിയാതിരുന്നതാണ് പ്രതിസന്ധിയുണ്ടാക്കിയത്.
ലിൻഡ് ഇന്ത്യ ഉൾപ്പെടെ മിക്ക വ്യവസായിക ഓക്സിജൻ കമ്പനികളുടെയും ഓക്സിജൻ ഉദ്പാദനം ആശുപത്രികൾക്ക് മാത്രമാക്കിയിട്ടുണ്ട്.
ഡൽഹിയിൽ ഓക്സിജൻ ക്ഷാമം രൂക്ഷമായതിനെതുടർന്ന് സൈന്യം ജർമ്മനിയിൽ നിന്ന് 23 മൊബൈൽ ഓക്സിജൻ ഉദ്പാദന പ്ലാന്റുകൾ ഇറക്കുമതി ചെയ്തു കഴിഞ്ഞു. ദ്രവ ഓക്സിജൻ കൊണ്ടുപോകാൻ ടാറ്ര കമ്പനി വിദേശത്ത് നിന്ന് 24 സ്പെഷ്യൽ ലിക്വിഡ് ഓക്സിജൻ കണ്ടെയ്‌നറുകൾ ഇറക്കുമതി ചെയ്തു. റോഡ് മാർഗവും റെയിൽ മാർഗവുമാണ് സിലിണ്ടറുകൾ ആവശ്യമുള്ള കേന്ദ്രങ്ങളിൽ എത്തിക്കുന്നത്. ഫാക്ടറികളിൽ നിന്ന് 1000ത്തിലധികം കിലോ മീറ്രർ പിന്നിട്ടാണ് പ്രത്യേക ട്രെയിനിൽ സിലിണ്ടറുകൾ ഡൽഹിയിൽ എത്തിക്കുന്നത്. കൊൽക്കത്ത, അസൻസോൾ, ജാംഷഡ്പൂർ, റൂർക്കല തുടങ്ങിയ കിഴക്കൻ പ്രദേശങ്ങളിലാണ് ഓക്സിജൻ ഫാക്ടറികൾ കൂടുതലുള്ളത്. വ്യോമസേനാ വിമാനങ്ങളിലാണ് കാലി സിലിണ്ടറുകൾ തിരിച്ച് ഉദ്പാദന കേന്ദ്രങ്ങളിലെത്തിക്കുന്നത്.