general

ബാലരാമപുരം: കളഞ്ഞുകിട്ടിയ സ്വർണം ഒരു മാസത്തെ അന്വേഷണത്തിനൊടുവിൽ യഥാർത്ഥ ഉടമയെ കണ്ടെത്തി നൽകി സഹോദരങ്ങളായ വ്യാപാരികൾ മാതൃകയായി. ബാലരാമപുരം അമീർ ടെക്സ്റ്റെയിൽ ആൻഡ് സെലിബ്രിറ്റി കളക്‌ഷൻസ് ഉടമകളായ ഫക്കീർഖാൻ - മാഹീൻഖാൻ എന്നിവരുടെ കടയിലാണ് വെടിവെച്ചാൻകോവിൽ സ്വദേശിയും പള്ളിച്ചൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സി.ആർ. സുനുവിന്റെ സഹോദരി വിദ്യ രണ്ട് പവനോളം സ്വർണമടങ്ങിയ പഴ്സ് ഒരു മാസം മുമ്പ് മറന്നുവച്ചത്. രാത്രി കടയടച്ച് മടങ്ങവേയാണ് പഴ്സ് ഉടമയുടെ ശ്രദ്ധയിൽപ്പെട്ടത്. അവകാശികൾ തിരികെ വരുമെന്ന് പ്രതീക്ഷിച്ച് ഇവ ദിവസങ്ങളോളം കടയിൽ തന്നെ സൂക്ഷിച്ചു. സോഷ്യൽ മീഡിയ വഴിയും ഉടമയെ കണ്ടെത്താൻ ശ്രമങ്ങൾ നടന്നു. രണ്ടാഴ്ച കഴിഞ്ഞിട്ടും ഉടമ അന്വേഷിച്ച് എത്താത്തിനെ തുടർന്ന് പഴ്സിൽ നിന്ന് കിട്ടിയ റേഷൻ വാങ്ങിയ ബില്ല് വഴി താലൂക്ക് സപ്ലൈ ഓഫീസ് മുഖാന്തരം നടത്തിയ അന്വേഷണത്തിലാണ് വിദ്യയെ കണ്ടെത്തി വിവരമറിയിച്ചത്. നഷ്ടമായെന്ന് കരുതിയ സ്വർണവും എ.ടി.എം കാർഡുൾപ്പെടെയുള്ള രേഖകളും തിരികെ നൽകിയതിൽ വിദ്യ വ്യാപാരികളോട് നന്ദി പറഞ്ഞു. ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ,​ ബാലരാമപുരം സി.ഐ മനോജ് കുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പഴ്സ് കൈമാറിയത്.