photo

നെടുമങ്ങാട്: ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും സത്യസന്ധതയുടെ തെളിച്ചം നിറഞ്ഞ മുഖമായി മാറുകയാണ് പാലോട് ലോട്ടറി ഏജൻസി നടത്തുന്ന പാപ്പച്ചൻ എന്ന ഡി.വൈ.എഫ്.ഐ നേതാവ്. പരിചയക്കാരനായ അദ്ധ്യാപകനുവേണ്ടി മാറ്റിവച്ച ടിക്കറ്റിന് ലഭിച്ചത് എഴുപതു ലക്ഷം രൂപ. അദ്ധ്യാപകൻ എത്താൻ ടിക്കറ്റുമായി കാത്തിരിക്കുകയാണ് ഈ യുവാവ്.

ചെറ്റച്ചൽ നവോദയ സ്‌കൂളിലെ അദ്ധ്യാപകനും കൊല്ലം ശാസ്താംകോട്ട സ്വദേശിയുമായ ശശിധരൻ മൊബൈൽ ഫോണിൽ വിളിച്ചാണ് ടിക്കറ്റ് മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടത്. നമ്പറും പറഞ്ഞുകൊടുത്തു: 0751.

ഏത് ഭാഗ്യക്കുറി എന്ന് പറഞ്ഞിരുന്നില്ല. നിർമ്മൽ ഭാഗ്യക്കുറിയുടെ എൻ.പി സീരിസിലുള്ള 600751 എന്ന ടിക്കറ്റാണ് മാറ്റിവച്ചത്. പിറ്റേന്നത്തെ നറുക്കെടുപ്പിൽ പാപ്പച്ചന്റെ ഏജൻസിയായ കുശവൂർ ത്രിവേണി ഏജൻസിയിൽ വിറ്റ ഈ ടിക്കറ്റാണ് ഒന്നാംസമ്മാനമായ 70 ലക്ഷം രൂപയ്ക്ക് അർഹമായത്. അദ്ധ്യാപകൻ കൊല്ലത്തെ വീട്ടിലായിരുന്നു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ തിങ്കളാഴ്ച എത്താമെന്ന് മറുപടി. പാപ്പച്ചൻ ഭാര്യ ഷീബയെ ടിക്കറ്റ് ഏല്പിച്ചശേഷം പറഞ്ഞതിങ്ങനെ: ''ഈ ടിക്കറ്റ് ശശി സാർ റിസർവ് ചെയ്തതാണ്.അദ്ദേഹം വരുന്നതു വരെ സൂക്ഷിക്കണം".

പ്രാരാബ്ധങ്ങൾക്ക് നടുവിലും കടം നല്കിയ ടിക്കറ്റ് ഒന്നാം സമ്മാനമായ 6 കോടി രൂപയ്ക്ക് അർഹമായപ്പോൾ യാതൊരു പരിഭവവും കൂടാതെ അതു കൈമാറി മലയാളികളുടെ മനസ് കീഴടക്കിയ എറണാകുളത്തെ സ്മിജ എന്ന ലോട്ടറി വില്പനക്കാരിയുടെ ജീവിത സാഹചര്യങ്ങളിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല പാപ്പച്ചനും. കടക്കെണിയിൽ അകപ്പെട്ട് ഭാര്യയും പറക്കമുറ്റാത്ത രണ്ടു പെൺമക്കൾക്കുമൊപ്പം വാടക വീട്ടിലാണ് താമസം. 15 വർഷമായി ലോട്ടറി ടിക്കറ്റ് വിൽക്കുന്നു. ലോക്ക് ഡൗണിൽ വരുമാനം വഴിമുട്ടിയതോടെ, പച്ചക്കറി വില്പനയും തുടങ്ങി.

ലോട്ടറി ടിക്കറ്റ് വില്പനയിൽ നേരത്തെയും സമാനമായ അനുഭവമുണ്ട്. സുഹൃത്തിനായി മാറ്റിവച്ചിരുന്ന ടിക്കറ്റിന് അന്ന് ലഭിച്ചത് അമ്പതിനായിരം രൂപ. ഡി.വൈ.എഫ്.ഐ വിതുര ഏരിയാ കമ്മിറ്റിയംഗവും പെരിങ്ങമ്മല ലോക്കൽ സെക്രട്ടറിയുമായിരുന്നു. ഇപ്പോൾ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണ്. അലീന, ഏഞ്ചൽ എന്നിവരാണ് മക്കൾ.