chewalloor

മലയിൻകീഴ്: ചൊവ്വള്ളൂർ ഭദ്രകാളി ദേവീക്ഷേത്രത്തിലെ വാതിലുകൾ കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്ടിച്ചു. ഇന്നലെ പുലർച്ചെയാണ് സംഭവം. ശ്രീകോവിൽ, മടപ്പള്ളി, ദേവസ്വം ഓഫീസ് എന്നിവിടങ്ങളിലെ വാതിലുകളാണ് കുത്തിത്തുറന്നത്. ക്ഷേത്രത്തിലെ സി.സി ടിവി കാമറയുടെ ഹാർഡ് ഡിസ്‌കും മോഷ്ടാക്കൾ കവർന്നു. ഭക്തർ പൂജിക്കാൻ നൽകിയിരുന്ന നാല് സ്വർണ ഏലസുകൾ, വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണപ്പൊട്ട്, ദേവസ്വം ഓഫീസിൽ സൂക്ഷിച്ചിരുന്ന 950 രൂപ, നാല് കാണിക്കവഞ്ചികളിലുണ്ടായിരുന്ന തുക, മടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന ഓട്ടുരുളി എന്നിവയാണ് നഷ്ടമായത്.

2014ലും 2018ലും ക്ഷേത്രത്തിൽ സമാനമായ രീതിയിൽ മോഷണം നടന്നിട്ടുണ്ട്. 2018ൽ മോഷണം നടത്തിയ പ്രതി നിലവിൽ ജയിലിലാണ്. ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുള്ള ബീറ്റ് ബുക്കിൽ വിളപ്പിൽശാല പൊലീസിന്റെ പട്രോളിംഗ് സംഘം നിരീക്ഷണത്തിനെത്തിയത് മൂന്ന് മണിക്കാണെന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. അങ്ങനെയാണെങ്കിൽ പൊലീസ് മടങ്ങിയ ശേഷമാകാം കവർച്ച നടന്നിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം.

ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ മാത്രം നട തുറക്കാറുള്ള ഇവിടെ ശ്രീകോവിൽ ഇന്നലെ രാവിലെ തുറന്നുകിടക്കുന്നത് കണ്ട നാട്ടുകാരിൽ ചിലരാണ് ക്ഷേത്ര ഭാരവാഹികളെ വിവരമറിയിച്ചത്. കാട്ടാക്കട ഡിവൈ.എസ്.പി ഷാജി, വിളപ്പിൽശാല എസ്.എച്ച്.ഒ സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വിരലടയാള വിദഗ്ദ്ധരും, ഡോഗ് സ്‌ക്വാഡും ക്ഷേത്രത്തിലെത്തി തെളിവെടുത്തു.