chennithala

തിരുവനന്തപുരം: ആലപ്പുഴയിൽ സി.പി.എമ്മിനകത്ത് നടക്കുന്നത് ജി.സുധാകരനെ ക്രൂശിക്കാനുള്ള നീക്കമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ മന്ത്രിസഭയിലെ അഴിമതിയില്ലാത്ത മന്ത്രിയായിരുന്നു സുധാകരൻ. അഴിമതിയില്ലാത്തവരെയെല്ലാം മാറ്റി അഴിമതിക്കാർക്കേ സീറ്റ് നൽകുകയുള്ളൂവെന്ന സമീപനമാണ് പിണറായി വിജയൻ സ്വീകരിച്ചത്. അതൊക്കെ അവരുടെ ആഭ്യന്തരകാര്യമാണ്. എന്നാലും ജി.സുധാകരനെ അപമാനിക്കാൻ ബോധപൂർവ്വമായ നീക്കം നടക്കുന്നുണ്ട്. അതിഗുരുതരമായ പ്രതിസന്ധിയാണ് ആലപ്പുഴ സി.പി.എമ്മിൽ. പോസ്റ്ററുകൾ പതിപ്പിച്ച് വിവാദമാകുമ്പോൾ കോൺഗ്രസുകാരുടെ തലയിൽ കുറ്റമാരോപിച്ചാൽ ആര് വിശ്വസിക്കും?

ചെന്നിത്തല പ്രദേശം ഉൾപ്പെടുന്ന തൃപ്പെരുന്തൂർ പഞ്ചായത്തിൽ ബി.ജെ.പി അധികാരത്തിലെത്താനിടയാക്കിയത് സി.പി.എം സ്വീകരിച്ച നിലപാടുകളായിരുന്നു. രണ്ട് തവണ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തങ്ങൾ സി.പി.എമ്മിന് പിന്തുണ നൽകിയിട്ടും അവർ സ്വീകരിക്കാതെ രാജിവച്ച് പോവുകയായിരുന്നു. തൃശൂരിൽ ഒരു ദേശീയ പാർട്ടിയുടെ കോടികൾ വരുന്ന കുഴൽപ്പണം തട്ടിയെടുത്ത കേസിനെപ്പറ്റി ചോദിച്ചപ്പോൾ, കോൺഗ്രസിന് ആരും പണം തന്നിട്ടില്ലെന്ന് ചെന്നിത്തല മറുപടി നൽകി.