ആറ്റിങ്ങൽ: നഗരസഭ പരിധിയിൽ 129 പേർക്ക് കൊവിഡ് സ്ഥീരികരിച്ചതായി നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി പറഞ്ഞു. ഒന്ന്, 15, 22, 25, 26,28 വാർഡുകളിലൊഴിച്ച് മറ്റ് എല്ലാ വാർഡുകളിലും രോഗബാധിതരുണ്ട്. ഇതിൽ പതിനാലാം വാർഡായ ചിറ്റാറ്റിൻകരയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത്. 23 പേർക്കാണ് ഇവിടെ കൊവിഡ് ബാധിച്ചത്. 29 ാം വാർഡായ കൊട്ടിയോട് 12 രോഗികളും ആറാം വാ‌ർഡായ തച്ചൂർക്കുന്നിൽ 11 ഉം രോഗികളുണ്ട്.
രോഗികളിൽ 126 പേർ ഹോം ഐസൊലേഷനിലും, 2 പേർ സി.എഫ്.എൽ.ടി.സിയിലും, ഒരാൾ ആശുപത്രിയിലുമാണ് കഴിയുന്നത്. രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവും തീവ്ര വ്യാപന സാദ്ധ്യതയും കണക്കിലെടുത്ത് ചിറ്റാറ്റിൻകര വാർഡ് കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. പട്ടണത്തിൽ പുതിയതായി കണ്ടെയ്‌മെന്റ് സോണുകൾ ഉണ്ടാവാതിരിക്കാനും നിലവിലുള്ളതിനെ ഒഴിവാക്കാനും പൊതുജനങ്ങൾ പൂർണമായും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പ്രവർത്തനങ്ങളോട് സഹകരിക്കണമെന്ന് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ പറഞ്ഞു.