covid

ന്യൂഡൽഹി:കൊവി‌ഡ് അതീവ രൂക്ഷമായ ഉത്തർപ്രദേശ് ഒരാഴ്ചയ്‌ക്കുള്ളിൽ ലക്ഷത്തിലേറെ പ്രതിദിന രോഗികളുമായി മഹാരാഷ്ട്രയെ പിന്നിലാക്കി രാജ്യത്ത് ഒന്നാമതെത്തുമെന്നും കേരളത്തിൽ ഏപ്രിൽ 30ന് 39,000 ആയി വർദ്ധിക്കുമെന്നും കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്. 30ന് യു.പി.യിൽ പ്രതിദിന രോഗികൾ 1,​19,​000 വരെയാവാം. ലക്ഷത്തിനടുത്ത് രോഗികളുമായി മഹാരാഷ്‌ട്ര രണ്ടാം സ്ഥാനത്തുണ്ടാവും.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും പങ്കെടുത്ത കഴിഞ്ഞ ദിവസത്തെ യോഗത്തിൽ നീതി ആയോഗ് അംഗം ഡോ.വി.കെ. പോൾ അവതരിപ്പിച്ച റിപ്പോർട്ടിലാണ് അമ്പരപ്പിക്കുന്ന വിവരം.

പത്ത് സംസ്ഥാനങ്ങളിലാണ് രോഗം ഏറ്റവും രൂക്ഷം. രോഗികൾ വർദ്ധിച്ചാൽ ചികിത്സാ സൗകര്യങ്ങൾ മതിയാവില്ലെന്നും മരണം വർദ്ധിക്കുമെന്നും മുന്നറിയിപ്പുണ്ട്. കേരളം ഏഴാമതാണെങ്കിലും രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള ജില്ല എറണാകുളമാണ്.

കഴിഞ്ഞ ഒരാഴ്ചത്തെ കണക്കിന്റെ അടിസ്ഥാനത്തിലാണ് അടുത്ത ആഴ്ചത്തെ രോഗികളുടെ വർദ്ധന കേന്ദ്രം കണക്കാക്കിയത്. രോഗികൾ കൂടിയാൽ പ്രാദേശിക ലോക് ഡൗണിനും നിർദ്ദേശമുണ്ട്.

കൊവിഡ് ചെയിൻ പൊട്ടിച്ചില്ലെങ്കിൽ വരുന്ന ആഴ്‌ച ഈ സംസ്ഥാനങ്ങളിൽ സ്ഥിതി അതീവ ഗുരുതരമാവും. ഡൽഹി,​ ഛത്തീസ്ഗഡ്,​ രാജസ്ഥാൻ എന്നിവിടങ്ങളിലും പ്രതിദിന രോഗികൾ അരലക്ഷം കവിയും.

ഏപ്രിൽ 30ന് പ്രതീക്ഷിക്കുന്ന

പ്രതിദിന രോഗികൾ

@ഉത്തർപ്രദേശ് - 1,​19,​000

@മഹാരാഷ്ട്ര- 99,​605

@ഡൽഹി- 67,​134

@ഛത്തീസ്‌ഗഡ്- 61,​474

@രാജസ്ഥാൻ- 55,​096

@മദ്ധ്യപ്രദേശ്- 46.756

@കേരളം- 38,​657

@കർണാടകം-38,​371

@തമിഴ്നാട്- 26,​416

@ഗുജറാത്ത്- 25,​440.

കൊവിഡ് രോഗികൾ രണ്ട് ലക്ഷം കവിഞ്ഞതോടെ കേരളത്തിൽ ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ട ആവശ്യകത കൂടി. സ്വകാര്യ ആശുപത്രികൾക്ക് കൊവിഡ് ചികിത്സയ്‌ക്കുള്ള നിരക്ക് പ്രഖ്യാപിക്കണം.

- കേന്ദ്രമന്ത്രി വി.മുരളീധരൻ

.

മരണവും കൂടും

ഡൽഹിയിലും യു.പിയിലും ഓക്സിജൻ സൗകര്യമുള്ള 16,​000 ഐസോലേഷൻ കിടക്കകളുടെയും 2500 ഐ.സി യൂണിറ്രുകളുടെയും കുറവുണ്ടാകും. മരണം കൂടും. ചികിത്സാ സൗകര്യങ്ങൾ ഉടൻ വ‌ർദ്ധിപ്പിക്കാനും സന്നദ്ധ സംഘടനകളെക്കൊണ്ട് കൂടുതൽ ആരോഗ്യ രക്ഷാ സംവിധാനങ്ങൾ ഉണ്ടാക്കാനും കേന്ദ്രം പദ്ധതി തയ്യാറാക്കി.

മൂന്ന് രീതിയിൽ നിയന്ത്രണം

1.ടെസ്റ്ര് പോസിറ്രിവിറ്രി 15ന് മുകളിലുള്ളവ തീവ്രം

2. 10നും 15നും ഇടയിലുള്ളവ ഇടത്തരം

3. 10ന് താഴെയുള്ളവ താഴ്ന്ന പട്ടികയിൽ

(മൂന്ന് വിഭാഗങ്ങൾക്കും പരിശോധന,​ ചികിത്സ​,​ സ്രോതസ് കണ്ടെത്തുക​,​ രോഗം ഇല്ലാതാക്കുക​,​ പ്രതിരോധ കുത്തിവയ്‌പ് എന്നിവ ബാധകമാണ്. തീവ്ര മേഖലയിൽ രോഗികൾ കൂടിയാൽ ലോക് ഡൗൺ ആകാം.​ രണ്ടാം വിഭാഗത്തെ കണ്ടെയ്ൻമെന്റ് സോണുകളാക്കണം. മൂന്നാമത്തെ വിഭാഗത്തിന് ടെസ്റ്ര് മുതൽ,​ വാക്സിനേഷൻ വരെ മതിയാകും)