നെടുമങ്ങാട്: പൊതുഅവധി പ്രഖ്യാപിച്ചതിനെ തുടർന്ന് നെടുമങ്ങാട് നഗരം ലോക്ക്ഡൗണിന് സമാനമായി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴിച്ചാൽ മറ്റു സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. ഓട്ടോ - ടാക്സി സ്റ്റാൻഡുകൾ വിജനമായി. കെ.എസ്.ആർ.ടി.സി നെടുമങ്ങാട് ഡിപ്പോ 40 ഷെഡ്യൂൾ ഓടിച്ചിരുന്ന സ്ഥാനത്ത് 25 ഷെഡ്യൂളിലൊതുക്കി. പലസ്ഥലത്തും പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു.
സത്യവാംങ് ഇല്ലാത്തവർക്കും മാസ്ക് ധരിക്കാത്തവർക്കും പിഴ ഒടുക്കേണ്ടിവന്നു. ബസുകളിൽ കയറിയും പൊലീസ് പിഴ ഈടാക്കി. ഇനിയുള്ള ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. ആനാട്, ചുള്ളിമാനൂർ, നന്ദിയോട്, പാലോട്, അരുവിക്കര, ഉഴമലയ്ക്കൽ, കരകുളം, പനവൂർ ഭാഗങ്ങളിൽ പൊലീസ് പരിശോധന സംബന്ധിച്ച് വ്യാപക ആക്ഷേപമുണ്ട്. പ്ലസ് ടു അവസാന പരീക്ഷ കഴിഞ്ഞുള്ള വിദ്യാർത്ഥികളുടെ തിരക്ക് നിയന്ത്രിക്കാൻ നെടുമങ്ങാട് നഗരസഭയും പി.ടി.എ ഭാരവാഹികളും മുൻകൈയെടുത്തത് കുട്ടികൾക്ക് ഏറെ ഉപകാരമായിരുന്നു.
നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, പൂവത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, ദർശന ഹയർ സെക്കൻഡറി സ്കൂൾ, കരകുളം വി.എച്ച്.എസ്.എസ്, അരുവിക്കര ഗവ.ഹയർസെക്കൻഡറി സ്കൂൾ, ഉഴമലയ്ക്കൽ ഹയർ സെക്കൻഡറി സ്കൂൾ,ആനാട് വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ തദ്ദേശ ജനപ്രതിനിധികളും പൊലീസും ശക്തമായ കാവലേർപ്പെടുത്തിയിരുന്നു. നഗരസഭയിലെ സ്കൂളുകളിൽ ചെയർപേഴ്‌സന്റെയും സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർമാരും നിയമപാലകരും സ്കൂളിലെത്തി കൊവിഡ് പ്രോട്ടോക്കോൾ അവബോധ ക്ലാസിന് നേതൃത്വം നൽകി. ഗതാഗതസൗകര്യവും ഉറപ്പാക്കി. നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി. ഹരികേശൻ നായർ, എസ്. അജിത, പി. വസന്തകുമാരി, കൗൺസിലർ സിന്ധു കൃഷ്ണകുമാർ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ കിരൺ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു സോമൻ, രമ്യ എന്നിവരും പരിശോധ സ്‌ക്വാഡിൽ സജീവമാണ്. നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ്‌കുമാർ, പൊലിസ് ഇൻസ്പെക്ടർ വിനോദ്‌കുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് വാഹന പരിശോധന ഊർജിതമാക്കിയിട്ടുള്ളത്.
നഗരസഭ ഹെൽപ്പ് ഡെസ്ക്
92078 91592, 8921548289, 70253 34815, 97453 50424