
ക്വാറന്റൈനിലുള്ളവർക്ക് ഭക്ഷണവും മരുന്നും
പൊതുസ്ഥലങ്ങളിൽ ലഘുലേഖ വിതരണം
നെടുമങ്ങാട്: നഗരസഭയും ജില്ലാ ആശുപത്രിയും കൊവിഡ് പ്രതിരോധ നടപടികൾ ഊർജിതമാക്കി. 39 വാർഡുകളിലെയും ആരോഗ്യ ജാഗ്രത സമിതിയുടെയും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ. ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി യഥാസമയമുള്ള മൈക്ക് അനൗൺസ്മെന്റുകൾക്ക് പുറമെ നഗരസഭ പ്രദേശത്തെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജനപ്രതിനിധികളുടെയും ജാഗ്രത സമിതികളുടെയും നേതൃത്വത്തിൽ ലഘുലേഖ വിതരണവും നടത്തി. കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണവും മരുന്നും ലഭ്യമാക്കുന്നതിന് നഗരസഭയുടെ പ്രത്യേക ഹെൽപ്പ് ഡെസ്ക് പ്രവർത്തനവും ആരംഭിച്ചു.
വാളിക്കോട് റിംസ് ആശുപത്രിയിൽ ഫസ്റ്റ്ലെവൽ ട്രീറ്റ്മെന്റ് സെന്ററിനായി 78 കിടക്കകൾ സജ്ജമാക്കി. വേങ്കോട് എസ്.യു.ടി ആശുപത്രിയിൽ സെക്കന്റ് ലെവൽ ട്രീറ്റ്മെന്റ് സെന്ററിനാവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയായി. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഹോമിയോ മരുന്നുകളുടെ വിതരണം ഹോമിയോ ഡിസ്പെൻസറികൾ വഴി ലഭ്യമാക്കി. നഗരസഭ സേഫ്റ്റി എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ ആൾക്കൂട്ടം ചേരാനിടയുള്ള സ്ഥലങ്ങളിലും വ്യാപര സ്ഥാപനങ്ങളിലും പരിശോധനകൾ കർശനമാക്കി. കെ.എസ്.ആർ.ടി.സി ബസുകളിലും സ്റ്റാൻഡുകളിലും നഗരസഭ ആരോഗ്യ വിഭാഗവും മോട്ടോർ വെഹിക്കിളും സംയുക്ത പരിശോധനകൾ നടത്തി. വിവിധ സർക്കാർ ഓഫീസികളിലും ബാങ്കുകളിലും എ.ടി.എമ്മുകളിലും നിയന്ത്രണങ്ങൾ ഉറപ്പാക്കണമെന്ന് അധികാരികൾക്ക് നിർദ്ദേശം നൽകി. നൈറ്റ് കർഫ്യൂവിന്റെ ഭാഗമായി നഗരസഭ സ്ക്വാഡും പൊലീസും സംയുക്ത പരിശോധന തുടരുകയാണ്. ബോധവത്കരണ പ്രവർത്തങ്ങളുടെ ഭാഗമായി കടകളിലും പൊതുസ്ഥലങ്ങളിലും ലഘുലേഖ വിതരണം നടന്നു. ചെയർപേഴ്‌സൺ സി.എസ്. ശ്രീജ വിതരണോദ്ഘാടനം നിർവഹിച്ചു.