apr24a

ആറ്റിങ്ങൽ: കൊവിഡ് കരുതലിന്റെ ഭാഗമായി വാരാന്ത്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയപ്പോൾ ആറ്റിങ്ങലിൽ പ്രകടമായത് ലോക്ക് ഡൗൺ പ്രതീതി. പച്ചക്കറി, മെഡിക്കൽഷോപ്പ് തുടങ്ങിയ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് ഇന്നലെ ഇവിടെ തുറന്നത്. എന്നാൽ കടകളിലേക്ക് ആളുകൾ എത്താതായതോടെ ഉച്ചയോടെ കടകൾ അടച്ചു. രാവിലെ നിരത്തുകളിൽ വാഹനങ്ങൾ അധികമായിരുന്നെങ്കിലും പൊലീസ് പരിശോധന കർശനമാക്കിയതോടെ തിരക്ക് കുറഞ്ഞു. പരിശോധനയ്ക്കിടെ യാത്രക്കാരോട് വിവരങ്ങൾ തിരക്കി അത്യാവശ്യക്കാരെയാണ് കടത്തിവിട്ടത്. ആറ്റിങ്ങലിൽ ഓടുന്ന സ്വകാര്യ ബസുകൾ രാവിലെ സ്റ്റാൻഡുകളിൽ എത്തിയെങ്കിലും യാത്രക്കാർ കുറവായതിനാൽ ഷെഡ്യുളുകൾ ഒഴിവാക്കി. വെഞ്ഞാറമ്മൂട്, ചിറയിൻകീഴ് ഭാഗങ്ങളിലേക്ക് അഞ്ച് ബസുകൾ സർവീസ് നടത്തിയെങ്കിലും ഉച്ചയോടെ അതും അവസാനിപ്പിച്ചു. വളരെക്കുറച്ച് കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. യാത്രക്കാർ കുറവായതിനാൽ ഇവയിൽ ചിലതും 11ഓടെ റദ്ദാക്കി. നിയന്ത്രണങ്ങൾ പാലിക്കാത്ത 113 പേരിൽ നിന്ന് ഇന്നലെ പിഴ ഈടാക്കിയെന്ന് അറ്റിങ്ങൽ സി.ഐ രാജേഷ് കുമാർ പറഞ്ഞു.