check

തിരുവനന്തപുരം: കൊവിഡ് രണ്ടാംതരംഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇന്നലെയും ഇന്നും നടപ്പാക്കിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ അതേയളവിൽ തുടരുമെന്ന ആശങ്കയിൽ വ്യാപാര,വ്യവസായ മേഖലകൾ. കടുത്ത നിയന്ത്രണങ്ങൾ സാമ്പത്തികമേഖലയ്ക്ക് തിരിച്ചടിയാവും. നാളത്തെ സർവകക്ഷിയോഗം കടുത്ത നിയന്ത്രണങ്ങൾ ചർച്ച ചെയ്യും.

സമ്പൂർണ ലോക്ക് ഡൗൺ വേണ്ടെന്ന നിലപാടിലാണ് രാഷ്ട്രീയ കക്ഷികൾ. സമ്പൂർണ ലോക്ക് ഡൗൺ വേണ്ടെന്നാണ് കേന്ദ്രവും പറയുന്നത്.

കടുത്ത നിയന്ത്രണങ്ങൾ ഓട്ടോ, ടാക്സി ഡ്രൈവർമാരുടെയും കൂലിപ്പണിക്കാരുമടക്കമുള്ള തൊഴിലാളികളുടെയും വയറ്റത്തടിച്ചെന്നാണാക്ഷേപം. രാത്രി ഏഴരയ്ക്ക് കടകളടപ്പിക്കുന്നത് ചെറുകിട കച്ചവടക്കാരെ സാരമായി ബാധിച്ചു. പൊലീസ് രാജിന് വഴിയൊരുക്കുന്നുവെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. കള്ളക്കേസെടുക്കുന്നുവെന്ന ആരോപണവുമുയരുന്നു. വ്യാപാരിസമൂഹം കടുത്ത പ്രതിഷേധത്തിലാണ്.

കൊവിഡ് വ്യാപനം പെരുകുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണമല്ലാതെ മറ്റ് വഴിയില്ലെന്ന നിലപാടിലാണ് സർക്കാരും ആരോഗ്യവകുപ്പും. സർക്കാരിന് പിന്തുണ നൽകുമെന്ന സൂചനയാണ് പ്രതിപക്ഷനേതാവ് ഇന്നലെ നൽകിയത്.

വോട്ടെണ്ണൽ നടക്കുന്ന മേയ് രണ്ടിന് രാഷ്ട്രീയപാർട്ടികളുടെ വിജയാഹ്ലാദപ്രകടനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതും നാളത്തെ സർവകക്ഷി യോഗം ചർച്ച ചെയ്യും. കൊവിഡ് വ്യാപനം രൂക്ഷമാകാൻ തിരഞ്ഞെടുപ്പ് പ്രചാരണം ഇടയാക്കിയെന്ന വിമർശനം നിലനിൽക്കുന്നുണ്ട്.

കഴിഞ്ഞ സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിൽ ആഹ്ളാദപ്രകടനം കുറയ്ക്കാൻ ധാരണയായിട്ടുണ്ട്. കോൺഗ്രസും സമാനനിലപാടിലാണെന്ന് ഇന്നലെ പ്രതിപക്ഷനേതാവ് വ്യക്തമാക്കി. ബി.ജെ.പിയും അനുകൂലിച്ചേക്കും.