th

വർക്കല: കൊവിഡ് നിയന്ത്രണത്തെ തുടർന്ന് വർക്കലയിലും സമീപഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും കടകമ്പോളങ്ങൾ അടഞ്ഞ് കിടന്നു. അവശ്യസാധനങ്ങൾ വിൽക്കുന്ന പലചരക്ക്, പാൽ, മത്സ്യം, മരുന്ന് കടകൾ എന്നിവ പലയിടങ്ങളിലും നാമമാത്രമായി തുറന്ന് പ്രവർത്തിച്ചു. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും പ്രവർത്തിച്ചില്ല. എന്നാൽ പ്ലസ്ടു പരീക്ഷ സെന്ററുകൾ പ്രവർത്തിച്ചു. സ്വകാര്യ ബസുകൾ ഒന്നും തന്നെ നിരത്തിൽ ഇറങ്ങിയില്ല. കെ.എസ്.ആർ.ടി.സി വിരലിൽ എണ്ണാവുന്ന സർവീസുകൾ മാത്രമാണ് നടത്തിയത്. വർക്കലയിലെ പൊതുമാർക്കറ്റുകളായ പുന്നമൂട്, പുത്തൻചന്ത എന്നിവ ഭാഗികമായാണ് പ്രവർത്തിച്ചത്. പൊലീസ് ശക്തമായ പരിശോധന വർക്കല നഗരപ്രദേശത്ത് നടത്തി. വർക്കല ടൗൺ, പുത്തൻ ചന്ത, പുന്നമൂട്, നടയറ എന്നിവിടങ്ങളിൽ പൊലീസിന്റെ പരിശോധന നടന്നു. അനാവശ്യമായി വാഹനം നിരത്തിൽ ഇറക്കിയതിനും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചവർക്കുമെതിരെ പൊലീസ് പിഴ ഈടാക്കി. നൂറോളം പേർക്കെതിരെ പെറ്റിക്കേസുകൾ ചാർജ് ചെയ്തു. 30ഓളം വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 75 ഓളം പേർക്കെതിരെയാണ് പെറ്റിക്കേസുകൾ ചാർജ് ചെയ്തത്. 25 ഓളം വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ആരോഗ്യ വകുപ്പിന്റെയും സെക്ടറൽ മജിസ്ട്രേറ്റിന്റെയും നേതൃത്വത്തിലുളള പ്രത്യേക ടീംമും വർക്കല താലൂക്കിൽ പരിശോധന നടത്തി.

300 പേർക്ക് വാക്സിൻ നൽകി

വർക്കല താലൂക്കാശുപത്രിയിൽ 300 പേർക്ക് കൊവിഡ് വാക്സിനേഷൻ നൽകിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.116 പേർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി. 20പേർക്ക് ആന്റിജൻ ടെസ്റ്റ് നടത്തി. വർക്കല താലൂക്കാശുപത്രിയിൽ നടത്തിയ കൊവിഡ് പരിശോധനയിൽ ശനിയാഴ്ച 7പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴുപേരും വർക്കല നഗരസഭ പരിധിയിലുള്ളവരാണ്. ശനിയാഴ്ചവരെ വർക്കല നഗരപ്രദേശത്ത് 79 പേർ കൊവിഡ് ചികിത്സയിലാണ് .