തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ കോടിക്കണക്കിന് രൂപ കുഴൽപ്പണമായി കൊണ്ടുവന്ന സംഭവം തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷിക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ ആവശ്യപ്പെട്ടു. ഈ കള്ളപ്പണത്തിൽ നിന്ന് മൂന്നര കോടി രൂപ തൃശൂർ കൊടകരയിൽ കൊള്ളയടിക്കപ്പെട്ട സംഭവം ഗൗരവമുള്ളതാണ്. സമാനമായ സംഭവം പാലക്കാട്ടും നടന്നു. പണമൊഴുക്കി ജനവിധി അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢനീക്കമാണ് വെളിപ്പെട്ടത്. ഉത്തരേന്ത്യൻ മോഡലിൽ കള്ളപ്പണമൊഴുക്കി ജനാധിപത്യം അട്ടിമറിക്കാൻ നടത്തിയ ശ്രമം തിരഞ്ഞെടുപ്പ് കമ്മിഷൻ ഗൗരവമായി കാണണം.
തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പാണ് കുഴൽപ്പണമായി ബി.ജെ.പിക്ക് പണമെത്തിയത്. ഇതിൽനിന്നാണ് മൂന്നര കോടിരൂപ കൊള്ളയടിച്ചത്. കേരളത്തിൽ ഇത്തരം സംഭവം കേട്ടുകേൾവിയില്ലാത്തതാണ്. ക്വട്ടേഷൻ സംഘമാണ് കൊള്ളയ്ക്ക് പിന്നിലെന്നും അതിന് പിന്നിൽ ബി.ജെ.പിയിലെ ഒരു വിഭാഗത്തിന് പങ്കുള്ളതായും പരാതിയുണ്ട്. കേരളത്തിൽ ബി.ജെ.പി സ്ഥാനാർത്ഥികൾക്കായി എത്തിയ കള്ളപ്പണത്തിന്റെ ചെറിയ ഭാഗം മാത്രമാണിത്. പുറത്തുവന്ന വാർത്തകൾ പ്രകാരം എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾക്കായാണ് കൊള്ളയടിക്കപ്പെട്ട പണമെത്തിയത്. സമാനമായി എല്ലാ ജില്ലകൾക്കും പണമെത്തിക്കാണും. രാജ്യം ഭരിക്കുന്ന പാർട്ടി തന്നെ കള്ളപണത്തിന്റെ ഗുണഭോക്താക്കളാകുകയാണ്. തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി വലിയ തോതിൽ പണമൊഴുക്കുന്നതായി എൽ.ഡി.എഫ് ചൂണ്ടിക്കാട്ടിയതാണ്.