photo

പാലോട്: കൊവിഡ് വ്യാപനം കൂടുതലുള്ള നന്ദിയോട്,​ പെരിങ്ങമ്മല പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ ശക്തമാക്കി പൊലീസ്. അതിവേഗം രോഗം പകരുമെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയ പ്രദേശങ്ങളുടെ നിയന്ത്രണം പൂർണമായും പൊലീസിനാണ്. ഇവിടങ്ങളിൽ പരിശോധയും വ്യാപകമാക്കിയിട്ടുണ്ട്. ജില്ലാ അതിർത്തിയായ അരിപ്പ, മടത്തറ, ചല്ലിമുക്ക് എന്നിവിടങ്ങളിലും പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപത്തെ താത്കാലിക ഔട്ട്ലെറ്റിലും പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കടകളിലും മറ്റും കൂട്ടംകൂടാൻ അനുവദിക്കില്ലെന്നും പാലോട് പൊലീസ് പറഞ്ഞു. കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തെ തുടർന്ന് പാലോട് പൊലീസ് 72 കേസുകളും 308 പെറ്റിക്കേസുകളും ചാർജ് ചെയ്തിട്ടുണ്ട്. നന്ദിയോട് പഞ്ചായത്തിൽ നിലവിൽ 109 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പെരിങ്ങമ്മല പഞ്ചായത്തിലെ കൊച്ചുകരിക്കകം,​ ഇക്ബാൽ കോളേജ് എന്നീ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാണ്. 80 കൊവിഡ് കേസുകളാണ് ഇവിടെ നിലവിലുള്ളത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ,രാത്രികാല കർഫ്യൂ കർശനമായിരിക്കുമെന്നും പാലോട് സി.ഐ സി.കെ. മനോജ് പറഞ്ഞു.