1

ശ്രീകാര്യം: കഴക്കൂട്ടം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എസ്.എസ്. ലാലിന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകളും നോട്ടീസുകളും ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യം എൻജിനീയറിംഗ് കോളേജിനു സമീപം റോഡ് വൃത്തിയാക്കുന്നതിനിടെ നഗരസഭാ ശുചീകരണ തൊഴിലാളികളാണ് 3000ത്തോളം പോസ്റ്ററുകൾ കണ്ടെത്തിയത്.

ചാക്ക് തുറന്നപ്പോഴാണ് ലാലിന്റെ പ്രചാരണ നോട്ടീസാണെന്ന് മനസിലായത്. വട്ടിയൂർക്കാവിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വീണ എസ്. നായരുടെ പോസ്റ്ററുകൾ ആക്രിക്കടയിൽ കണ്ടെത്തിയത് വിവാദമായതിന് പിന്നാലെയാണ് കഴക്കൂട്ടത്തും സമാന സംഭവം. എന്നാൽ സംഭവത്തിൽ പരാതിയില്ലെന്നും തന്റെ വിജയം ഉറപ്പാണെന്നും യു.ഡി.എഫ് സ്ഥാനാർത്ഥി എസ്.എസ്. ലാൽ പ്രതികരിച്ചു.