dd

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.3

തിരുവനന്തപുരം: ജാഗ്രത മറന്നതോടെ മൂന്ന് ദിവസത്തിനിടെ തലസ്ഥാനത്ത് കൊവിഡ് രോഗികൾ ഏഴായിരം കടന്നത് കടുത്ത ആശങ്കക്കിടയാക്കി.ഇന്നലെ മാത്രം 2,383 പേർക്കാണ് രോഗം ബാധിച്ചത്. 14,051 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.44,737 പേർ ക്വാറന്റൈനിലും കഴിയുന്നുണ്ട്. സംസ്ഥാനത്തെ സ്ഥിതി പൊട്ടിത്തെറിക്കാവുന്ന അഗ്നിപർവ്വതത്തിന് സമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞതും രോഗത്തിന്റെ വ്യാപന തീവ്രത വ്യക്തമാക്കുന്നതാണ്. ഇത് കാെവിഡ് ഇതര ചികിത്സകളെയും പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനയുണ്ടാകുമ്പോൾ രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്. മൂന്ന് ദിവസത്തിനിടെ 1995 പേരാണ് രോഗമുക്തി നേടിയത്. സർക്കാർ നിയന്ത്രണങ്ങൾ വളരെ യാന്ത്രികമായി അനുസരിക്കുന്നതിന് പകരം അവ നമ്മളേവരും സ്വയം ഏറ്റെടുക്കണം എന്നാണ് മുഖ്യമന്ത്രി നിർദ്ദേശിക്കുന്നത്. ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.രണ്ടാഴ്ച മുമ്പേ മൂന്നിലുണ്ടായിരുന്ന ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് ഇന്നലെ 18.3ലെത്തി.വരും ദിവസങ്ങളിൽ ഇത് 20ന് മുകളിലെത്തുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. ഇതിനകം തന്നെ സർക്കാർ ആശുപത്രികളെല്ലാം കൊവിഡ് രോഗികളാൽ നിറഞ്ഞു കഴിഞ്ഞെന്നും രോഗവ്യാപന തോത് ഉയരുന്നത് തലസ്ഥാനത്തെ സ്ഥിതി അതിസങ്കീർണമാക്കുമെന്നും ജില്ല ആരോഗ്യവിഭാഗം ആശങ്ക പ്രകടിപ്പിച്ചു.

22ന് 2,283 പേർക്ക്

23ന് 2,345

24ന് 2,383

കണ്ടെയ്ൻമെന്റ് സോണുകൾ

മണ്ണന്തല, കണ്ണമ്മൂല, ചെമ്പഴന്തി, ഫോർട്ട്, അണ്ടൂർകോണം ഗ്രാമപഞ്ചായത്തിലെ പള്ളിച്ചവീട്, പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ പ്ലാച്ചിവിള, ചെമ്മരം എന്നീ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായും വാഴോട്ടുകോണം വാർഡിലെ മൂന്നാമൂട് പ്രദേശത്തെ മൈക്രോ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചു.


ആറു പുതിയ സി.എഫ്.എൽ.ടി.സികളും 29 ഡി.സി.സികളും കൂടി

കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആറു പുതിയ സി.എഫ്.എൽ.റ്റി.സികളും 29 ഡൊമിസിലറി കെയർ സെന്ററുകളും (ഡി.സി.സി) സജ്ജമാക്കാനുള്ള നടപടികൾ പൂർത്തിയായതായി കളക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഇതിനായി ജില്ലയിലെ താലൂക്കുകളിൽ അനുയോജ്യമായ വിവിധ സ്ഥാപനങ്ങൾ കണ്ടെത്തി ഏറ്റെടുത്തിട്ടുണ്ട്. തിരുവനന്തപുരം, വർക്കല താലൂക്കുകളിൽ ഓരോ സി.എഫ്.എൽ.റ്റി.സിയും നെയ്യാറ്റിൻകര, ചിറയിൻകീഴ് താലൂക്കുകളിലായി രണ്ടുവീതം സി.എഫ്.എൽ.റ്റി.സികളും ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്. 575 പേർക്കുള്ള കിടക്ക സൗകര്യം ഇവിടങ്ങളിലുണ്ട്. കാട്ടാക്കട-6, ചിറയിൻകീഴ്-6, തിരുവനന്തപുരം-4, നെടുമങ്ങാട്-8, നെയ്യാറ്റിൻകര-2, വർക്കല-3 എന്നിങ്ങനെയാണ് പുതുതായി ആരംഭിക്കുന്ന ഡൊമിസിലറി കെയർ സെന്ററുകളുടെ എണ്ണം. 1,451 കിടക്കകൾ ഇവിടങ്ങളിലുണ്ടാകും.

രണ്ടു പഞ്ചായത്തുകളിൽക്കൂടി നിരോധനാജ്ഞ

ജില്ലയിലെ രണ്ടു പഞ്ചായത്തുകളിൽക്കൂടി സി.ആർ.പി.സി 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. പൂവച്ചൽ, ബാലരാമപുരം പഞ്ചായത്തുകളിലാണു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നേരത്തെ അരുവിക്കര, അമ്പൂരി, കാരോട്, പെരുങ്കടവിള, കാട്ടാക്കട, അണ്ടൂർക്കോണം, കൊല്ലയിൽ, ഉഴമലയ്ക്കൽ, കുന്നത്തുകാൽ, ആര്യങ്കോട് പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഈ പഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളിലെത്തിയ സാഹചര്യത്തിലാണു നടപടി.