ചിറയിൻകീഴ്: അക്രമി സംഘം ടിപ്പർ ലോറി ഡ്രൈവറെ തടഞ്ഞുനിറുത്തി മർദ്ദിച്ചു. മുട്ടപ്പലം മൂലയിൽവാരം നെടുവേലി വീട്ടിൽ അനുവിനാണ് (32) മർദ്ദനമേറ്റത്. ഇയാൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ടിപ്പർ ലോറിയുടെ ഗ്ലാസുകളും അക്രമികൾ അടിച്ചുതകർത്തു. സംഭവം തടയാനെത്തിയ നാട്ടുകാരെ അക്രമി സംഘം വിരട്ടി ഒാടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് നാലുമുക്ക് - ഇടഞ്ഞുംമൂല റോഡിൽ കണ്ണേറ്റിൽ ഗുരുമന്ദിരത്തിന് സമീപത്താണ് സംഭവം. ഇടഞ്ഞുംമൂലയിലെ അംഗീകൃത മണൽ വില്പന കേന്ദ്രത്തിൽ നിന്ന് മണൽ ശേഖരിച്ച് എത്തിയ ടിപ്പർ ലോറി റോഡിൽ ബൈക്ക് കുറുകെ വച്ചിരുന്നതുകണ്ട് നിറുത്തുകയായിരുന്നു. ബൈക്ക് മാറ്റാനായി ലോറിയിൽ നിന്ന് അനു ഇറങ്ങിയപ്പോൾ ആയുധങ്ങളുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ ചിറയിൻകീഴ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. മുടപുരം തെങ്ങുംവിള സ്വദേശി സാജന്റെ ഉടമസ്ഥതയിലുള്ളതാണ് ടിപ്പർ ലോറി. ഗുണ്ടാപ്പിരിവ് നൽകാത്തതാണ് ആക്രമണത്തിന് പിന്നിലെന്ന് പറയപ്പെടുന്നു. ഇടഞ്ഞുംമൂല,​ ചെറുമുട്ടം,​ കോളംപാലം,​ പെരുങ്ങുഴി, തീരദേശ റോഡ് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധരുടെയും ലഹരി മാഫിയ സംഘങ്ങളുടെയും ശല്യം വർദ്ധിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. പൊലീസ് പട്രോളിംഗ് ഈ മേഖലയിൽ ശക്തിപ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.