തിരുവനന്തപുരം: സ്‌പോട്ട് രജിസ്ട്രേഷനാക്കിയെങ്കിലും നഗരത്തിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്കും തർക്കവും തുടരുന്നു. അനുവദിച്ച സമയത്തിനുമുമ്പേ പലരുമെത്തുന്നതാണ് തിരക്കിന് കാരണമെന്ന് അധികൃതർ പറഞ്ഞു. നഗരത്തിലെ പ്രധാന വാക്‌സിനേഷൻ കേന്ദ്രങ്ങളായ ജിമ്മിജോർജ്ജ് സ്റ്റേഡിയത്തിലും ജനറൽ ആശുപത്രിയിലും ഇന്നലെ നല്ല തിരക്കായിരുന്നു. ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ രജിസ്ട്രേഷൻ,​ ദീർഘനേരത്തെ ക്യൂ എന്നിവയെച്ചൊല്ലി ഇന്നലെയും തർക്കമുണ്ടായിരുന്നു.

വാക്സിൻ രജിസ്‌ട്രേഷനുള്ള കൊവിൻ പോർട്ടലിൽ സന്ദർശകർ കൂടിയതോടെ രജിസ്ട്രേഷൻ നടപടികൾ മന്ദഗതിയിലായി. ഒ.ടി.പി മൊബൈലിൽ ലഭിക്കാത്തത് ഉൾപ്പെടെ നിരവധി പ്രശ്‌നങ്ങളാണ് പോർട്ടലിൽ നേരിട്ടത്. പലർക്കും സമയം കഴിഞ്ഞ ശേഷമാണ് ഒ.ടി.പി കിട്ടിയത്. പ്രാഥമിക നടപടികൾ പൂർത്തിയാക്കിയവർക്ക് ''രജിസ്‌ട്രേഷൻ വിജയകരമായി പൂർത്തിയാക്കി' എന്ന സന്ദേശവും ലഭിച്ചില്ല.

രജിസ്‌ട്രേഷൻ പൂർത്തിയായവർക്ക് വാക്‌സിനേഷനുള്ള സമയം തിരഞ്ഞെടുക്കാൻ ഷെഡ്യൂളുകളെത്തിയെങ്കിലും കേന്ദ്രങ്ങളൊന്നും കാണാനാകാത്തതായിരുന്നു മറ്റൊരു പ്രശ്‌നം. അപോയിൻമെന്റുകൾ ലഭ്യമല്ലെന്ന സന്ദേശം ചിലർക്ക് ലഭിച്ചു. ഇന്നലെ ഉച്ചവരെ മന്ദഗതിയിലായിരുന്നു പോർട്ടലിന്റെ പ്രവർത്തനം. രജിസ്റ്റർ ചെയ്‌തെങ്കിലും വാക്‌സിനെടുക്കാത്തവർക്കും ഒന്നാം ഡോസിന്റെ സർട്ടിഫിക്കറ്റ് ലഭിച്ചെന്നും ആക്ഷേപമുണ്ട്.