തിരുവനന്തപുരം:കൊവിഡ് രോഗികളുടെ ബാഹുല്യം കൂടിവരുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂടുതൽ ചികിത്സാസംവിധാനങ്ങളൊരുക്കുന്നു. മുൻകൂട്ടി തീയതി നൽകിയതും അടിയന്തരപ്രാധാന്യമല്ലാത്തതുമായ എല്ലാ ശസ്ത്രക്രിയകളും നിറുത്തിവച്ച് തിയേറ്ററുകളിലെ ജീവനക്കാരെ കൊവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കാൻ തീരുമാനിച്ചു. അത്യാഹിതവിഭാഗത്തിലെത്തുന്ന എമർജൻസി ശസ്ത്രക്രിയകൾ മാത്രമായിരിക്കും നടത്തുക. കളക്ടറുടെ നിർദേശമനുസരിച്ച് ഏപ്രിൽ 30നുമുമ്പ് ആശുപത്രിയിലെ കൊവിഡ് ബെഡുകൾ 1400 ആയി ഉയർത്തും.സി.എഫ്.എൽ.ടി.സികളിൽ നിന്നെത്തുന്ന രോഗികളെ പരിശോധിച്ചശേഷം രോഗാവസ്ഥ ഗുരുതരമല്ലെന്നുകണ്ടാൽ തിരികെ അവിടേക്കുതന്നെ തിരിച്ചയയ്ക്കും. ഗുരുതരാവസ്ഥയിലല്ലാത്ത മറ്റുരോഗികളെ അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്കോ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്ന സ്വകാര്യ ആശുപത്രിയിലേക്കോ മാറ്റും. കൊവിഡ് ബെഡുകൾ വർദ്ധിപ്പിക്കുന്ന സാഹചര്യത്തിൽ ഇതിലേക്കായി കൂടുതൽ ജീവനക്കാരെ നൽകണമെന്ന് കളക്ടറോട് ആവശ്യപ്പെടും.കൊവിഡ് അതിതീവ്രവ്യാപന പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കൊവിഡ് ഇതര ചികിത്സകൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തുന്നതിനും ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിരുന്നു. കൊവിഡ് കിടക്കകൾ വർദ്ധിപ്പിക്കുമ്പോൾ അതിൽ ആവശ്യമായ ഐ.സി.യുവിൽ കൂടുതൽ കിടക്കകളും വെന്റിലേറ്ററുകളും ഉൾപ്പെടുത്തണമെന്ന് കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.