
നിയന്ത്റണങ്ങൾ ലംഘിച്ചവർക്കെതിരെ കേസെടുത്തു
രജിസ്റ്രർ ചെയ്തത് : 1888 കേസുകൾ
അറസ്റ്റ് ചെയ്തത് 113 പേരെ
പിടിച്ചെടുത്തത് 11 വാഹനങ്ങൾ
തിരുവനന്തപുരം: കൊവിഡിനെ പിടിച്ചുകെട്ടാനുള്ള ക്രഷ് ദി കർവിന്റെ ഭാഗമായി ജില്ലയിൽ ഇന്നലെ പൊലീസ് ഏർപ്പെടുത്തിയത് കർശന നിയന്ത്രണങ്ങൾ. ഭൂരിഭാഗം ജനങ്ങളും നിയന്ത്രണങ്ങൾ പാലിക്കാൻ സ്വയം സന്നദ്ധരായതിനാൽ വാഹനങ്ങൾ തടയുന്നതിന് പൊലീസ് പൊതുവേ ശ്രമിച്ചില്ല. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശിച്ച വാരാന്ത്യ നിയന്ത്രണങ്ങൾ ജനം സ്വയമേവ ഏറ്റെടുക്കുകയായിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയവർക്കും മാസ്‌ക് ധരിക്കാത്തവർക്കുമെതിരെ പൊലീസ് നടപടിയെടുത്തിട്ടുണ്ട്. അവശ്യ സർവീസിൽ ഉൾപ്പെട്ട ജീവനക്കാരുടെ ഐ.ഡി കാർഡുകൾ പരിശോധിച്ച് യാത്ര അനുവദിച്ചിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ച സംഭവത്തിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 1888 കേസുകൾ രജിസ്റ്രർ ചെയ്തിട്ടുണ്ട്. 113 പേരെ അറസ്റ്റ് ചെയ്യുകയും 11 വാഹനങ്ങൾ കസ്റ്രഡിയിലെടുക്കുകയും ചെയ്തു. ഇന്നും നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. ഇന്നലെ മെഡിക്കൽ സ്റ്റോറുകൾ, നിത്യോപയോഗ സാധനങ്ങൾ വാങ്ങാനുള്ള കടകൾ എന്നിവ തുറന്നിരുന്നു. പാൽ, പത്രം, ജലവിതരണം, വൈദ്യുതി തുടങ്ങിയവയ്ക്ക് അനുമതിയുണ്ടായിരുന്നതിനാൽ ജനജീവിതത്തിന് ബുദ്ധിമുട്ടുണ്ടായില്ല. വീടുകളിൽ മത്സ്യമെത്തിച്ച് വിൽക്കുന്നവർക്ക് മാസ്‌ക് ധരിച്ച് വില്പന അനുവദിച്ചിരുന്നതിനാൽ മത്സ്യവിൽപ്പനയും മുടങ്ങിയില്ല. നിരത്തുകൾ മിക്കതും ആളൊഴിഞ്ഞ നിലിയിലായിരുന്നു. നഗരത്തിലേക്കുള്ള എല്ലാ പ്രവേശന കേന്ദ്രങ്ങളിലും പൊലീസ് പരിശോധന ഉണ്ടായിരുന്നു. സർക്കാർ, സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് അവധിയായതും തിരക്ക് കുറയുന്നതിന് കാരണമായി. വാക്സിനേഷൻ സെന്ററുകൾ, കൊവിഡ് പരിശോധനാകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആളുകൾ എത്തിയിരുന്നു. വാഹനങ്ങളുടെ തിരക്കും പൊതുവെ കുറവായിരുന്നു. നിയന്ത്രണങ്ങൾ കർശനമായിരുന്നെങ്കിലും ഹയർ സെക്കൻഡറി പരീക്ഷകൾ നിശ്ചയിച്ച പ്രകാരം തന്നെ നടന്നു. 60 ശതമാനം ബസുകൾ സർവീസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചിരുന്നതിനാൽ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും യാത്രാചെയ്യാൻ ബുദ്ധിമുട്ടുണ്ടായില്ല. സ്വകാര്യ ബസുകൾ യാത്രക്കാർ കുറവായതിനാൽ ഉച്ചയോടെ സർവീസ് അവസാനിപ്പിച്ചു. പരീക്ഷാ കേന്ദ്രങ്ങളിൽ കുട്ടികളെ കൊണ്ടാക്കാൻ എത്തിയ രക്ഷിതാക്കൾ കൂട്ടം കൂടാതിരിക്കാൻ ഉടൻ മടക്കിവിടുകയായിരുന്നു.
ആദ്യം മയപ്പെട്ട് , പിന്നെ കടുപ്പിച്ച്
സത്യവാങ്മൂലമോ മറ്റുരേഖകളോ ഇല്ലാതെ ആളുകൾ പുറത്തിറങ്ങുന്നതായി ആദ്യ മണിക്കൂറുകളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യഘട്ടമെന്ന നിലയിൽ കടുത്ത നടപടികളിലേക്ക് കടക്കാതെ ഇവർക്ക് ആവശ്യമായ നിർദ്ദേശവും ബോധവത്കരണവും നൽകി പൊലീസ് മടക്കി അയയ്ക്കുകയായിരുന്നു. പിന്നീട് നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ പരിശോധനകൾക്ക് ചൂടേറി. അനാവശ്യമായി പുറത്തിറങ്ങിയവരിൽ നിന്ന് പൊലീസ് പിഴ ഈടാക്കുകയും ചിലരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. നഗരത്തിലും നഗരാതിർത്തിയിലും ചില ഹോട്ടലുകളും റസ്റ്റാറന്റുകളും ഹോം ഡെലിവറിക്കായി തുറന്നു പ്രവർത്തിച്ചു. സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി കെ. സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടന്നിരുന്നു. ജില്ലയിലെ വെഞ്ഞാറമൂട്, കിളിമാനൂർ, ജില്ലാ അതിർത്തിയായ തട്ടത്തുമല, കൊല്ലം ജില്ലയിലെ ആയൂർ, അഞ്ചൽ, ചടയമംഗലം, കോസ്റ്റൽ പ്രദേശമായ അഞ്ചുതെങ്ങ് എന്നിവിടങ്ങളിൽ ഡി.ഐ.ജി നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.