ksrtc

തിരുവനന്തപുരം: ബസ് സ്റ്റേഷനിൽ ബസ് കയറാനെത്തിയ അന്യ സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവറെ സസ്‌പെന്റ് ചെയ്തു. തൃശൂർ വിജിലൻസ് സ്ക്വാഡ് ഇൻസ്പെക്ടർ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവർ വിവി. ആന്റുവിനെ സസ്പെൻഡ് ചെയ്തത്.

22 ന് രാത്രി അങ്കമാലി ബസ് സ്റ്റേഷൻ പരിസരത്ത് മാസ്‌ക് ധരിക്കാതെ അന്യസംസ്ഥാന തൊഴിലാളിയെ കണ്ട ഡ്യൂട്ടി ഡ്രൈവർ വിവി. ആന്റു കൈയിലിരുന്ന വടി കൊണ്ട് മർദ്ദിച്ചതായി വീഡിയോ ദൃശ്യങ്ങളിൽ നിന്നും ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.

കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ച് യാത്രയ്ക്കായി ഡിപ്പോ പരിസരത്തെത്തിയ യാത്രാക്കാരൻ മാസ്ക് ധരിക്കാതെ എത്തിയ വിവരം പൊലീസിനെയോ, മേൽ അധികാരിയെയോ അറിയിക്കാതെ മർദ്ദിച്ചത് അച്ചടക്ക ലംഘനമാണെന്ന വിജിലൻസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്.