തിരുവനന്തപുരം: കൊവിഡ് രണ്ടാംതരംഗം ശക്തമായ സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡോണിന് സമാനമായ നിയന്ത്രണങ്ങളോട് പൊതുവേ ജനങ്ങൾ സഹകരിച്ചു. സമാനമായ നിയന്ത്രണങ്ങൾ ഇന്നും തുടരും. അതേസമയം, നിയന്ത്രണങ്ങൾ ലംഘിച്ചതിന് 5371 പേർക്കെതിരെ കേസെടുത്തു. 984 പേർ അറസ്റ്റിലായി. 36 വാഹനങ്ങൾ പിടിച്ചെടുത്തു.
ഹയർ സെക്കൻഡറി പരീക്ഷകൾ, വോട്ടെണ്ണലിനു നിയോഗിച്ചിരിക്കുന്ന ജീവനക്കാരുടെ പരിശീലനം, അവശ്യസർവീസുകൾ തുടങ്ങിയവ തടസം കൂടാതെ നടന്നു. വിവാഹം, മരണം, ഏറ്റവും മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്ര ചെയ്യാനും അനുവാദം നൽകി. ഇതിനായി പുറത്തിറങ്ങിയവർ സത്യപ്രസ്താവന കരുതിയിരുന്നു. കെ.എസ്.ആർ.ടി വളരെ കുറച്ച് സർവീസ് മാത്രമാണ് നടത്തിയത്. യാത്രക്കാരും കുറവായിരുന്നു. ഇന്നും അത്യാവശ്യ സർവീസുകൾ നടത്തും.
മാസ്‌ക് ധരിക്കാത്തതിന് 22,703 പേർക്കെതിരെയാണ് കേസെടുത്തത്. സാമൂഹിക അകലം പാലിക്കാത്തതിന് 9,145 പേർക്കെതിരെ നിയമ നടപടി സ്വീകരിച്ചു. 62,91,900 രൂപയാണ് പിഴയായി ഈടാക്കിയത്. ക്വാറൻറൈൻ ലംഘിച്ചതിന് രണ്ട് കേസും റിപ്പോർട്ട് ചെയ്തു.
പാലക്കാട് ചിറ്റൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വേട്ടയ്‌ക്കൊരുമകൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വിലക്ക് ലംഘിച്ചും കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെയും ഇരുപതോളം കുതിരകളെ പങ്കെടുപ്പിച്ച് കുതിരയോട്ട മത്സരം സംഘടിപ്പിച്ചു. ഇതിൽ ആയിരത്തോളം പേർ പങ്കെടുത്തു. ഇത് സംബന്ധിച്ച് മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തു. കമ്മിറ്റിക്കാർക്കെതിരെ കേസെടുത്തു. 25 പ്രതികളിൽ 8 പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽവിട്ടു. കുതിര ഓട്ടക്കാരായ 57 പേർക്ക് എതിരെയും കാണികളായ 200 പേർക്കെതിരെയും കേസെടുത്തു.