ആര്യനാട്: കൊവിഡ് രോഗിയുടെ വീട്ടിൽ കുഞ്ഞുങ്ങൾ മുറിക്കുള്ളിൽ അകപ്പെട്ടു,​ ഒടുവിൽ രക്ഷകരായത് ആര്യനാട് പൊലീസ്. ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംഭവം. വീട്ടുടമസ്ഥന് ശനിയാഴ്ച ഉച്ചയോടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ ബന്ധുക്കൾ ഈ വീട്ടിൽത്തന്നെ നിരീക്ഷണത്തിലാണ്. അമ്മയും ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് കുടുംബം. വൈകുന്നേരമായതോടെ ഒന്നും മൂന്നും വയസുള്ള കുട്ടികൾ വീട്ടിലെ മറ്റൊരു മുറിയിൽ കയറുകയും മുറിയുടെ വാതിൽ അടഞ്ഞ് പൂട്ട് വീഴുകയുമായിരുന്നു. ഇതോടെ പേടിച്ച് കുട്ടുകൾ നിലവിളിച്ചതോടെ വീട്ടിലുണ്ടായിരുന്ന അമ്മയും ഭാര്യയും സഹായത്തിനായി ബഹളം വച്ചു. കൊവിഡ് രോഗിയുള്ളതിനാൽ നാട്ടുകാ‍‍ർ സഹായത്തിനെത്തിയില്ല. ഒടുവിൽ ആര്യനാട് പൊലീസിനെ വിവരമറിയിച്ചതോടെ എസ്.ഐ രമേശന്റെ നേതൃത്വത്തിൽ സി.പി.ഒ അരുൺ,​ രാജേഷ് എന്നിവർ പി.പി.ഇ കിറ്റ് ധരിച്ചെത്തി കമ്പിപ്പാര ഉപയോഗിച്ച് വാതിൽ പൊളിച്ച് കുട്ടികളെ പുറത്തെത്തിച്ചു.