pic1

നാഗർകോവിൽ: തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച ഞായറാഴ്ച ലോക്ക്ഡൗണിൽ കന്യാകുമാരി ജില്ലയിൽ അവശ്യ സർവീസുകൾ ഒഴികെ മറ്റ് വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. കച്ചവട സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. പ്രധാന സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തി. കേരളത്തിൽ നിന്ന് ഇ - പാസുമായി എത്തിയവരെ അതിർത്തി കടത്തിവിട്ടു. കുറച്ച് മെഡിക്കൽ സ്റ്റോറുകൾ മാത്രം തുറന്നപ്പോൾ ഹോട്ടലുകൾ പൂർണമായും അടഞ്ഞുകിടന്നു.

ആശുപത്രി, വിവാഹം, മരണാനന്തര ചടങ്ങ് എന്നീ കാര്യങ്ങൾക്കായി പോകുന്ന വാഹനങ്ങൾക്ക് മാത്രമാണ് പൊലീസ് അനുമതി നൽകിയത്. 100 താത്കാലിക ചെക്പോസ്റ്റുകളിലായി ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നേതൃത്വത്തിൽ 800 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്‌ക്കായി നിയോഗിച്ചിരുന്നു. മാസ്‌ക് ധരിക്കാതെ വന്നവർക്ക് പിഴയും ഈടാക്കി.