തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ,
കൂടുതൽ കടുത്ത നിയന്ത്രണങ്ങൾക്ക് വിവിധ രാഷ്ട്രീയപാർട്ടികളുടെ പിന്തുണ ഇന്ന്
ചേരുന്ന സർവകക്ഷി യോഗത്തിൽ സർക്കാർ തേടും. രാവിലെ 11.30ന് വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം . ചെറുതും വലുതുമായ എല്ലാ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും പി.സി.ജോർജും പങ്കെടുക്കും. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ആരോഗ്യസെക്രട്ടറിയുമടക്കം യോഗത്തിനുണ്ടാവും.
സംസ്ഥാനത്ത് പ്രതിദിന രോഗവ്യാപനം 20,000ത്തിന് മുകളിലാണിപ്പോൾ.വരും ദിവസങ്ങളിലിത് 30000കടന്നേക്കാമെന്ന് മുന്നറിയിപ്പുണ്ട്.ഇൗ സാഹചര്യത്തിൽ ചിലയിടത്തെങ്കിലും ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടി വന്നാൽ, അത് ജനജീവിതം സ്തംഭിപ്പിക്കുന്നതൊടൊപ്പം, സാമ്പത്തിക മേഖലയിലും തളർച്ചയുണ്ടാക്കും. കൂട്ടപ്പരിശോധന സംബന്ധിച്ച ആശയക്കുഴപ്പങ്ങളും ചർച്ചയാവും. സർവകലാശാലാ പരീക്ഷകൾ മാറ്റിവച്ചിരിക്കുകയാണ്. അടുത്ത അദ്ധ്യയന വർഷവും സ്കൂൾ തുറക്കാനാവാത്ത സ്ഥിതിയാണ്.
അടുത്ത ഞായറാഴ്ച നടക്കുന്ന വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ആൾക്കൂട്ടവും വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ തിരക്കും നിയന്ത്രിക്കാനും, സംഘർഷങ്ങളൊഴിവാക്കാനും വിവിധ കക്ഷികളുടെ പിന്തുണ ആവശ്യമാണ്. കൂടുതൽ പൊലീസിനെ ഇതിന് വിനിയോഗിക്കാനും ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രയാസമുണ്ട്.
ജനകീയ പ്രതിരോധം
ജനങ്ങളുടെ സഹകരണത്തോടെയാണ് കൊവിഡ് കരുതലും പ്രതിരോധവും സംസ്ഥാനത്ത്.
നടത്തുന്നത്. വാർഡ് തലസമിതികളും വോളണ്ടിയർ സംവിധാനങ്ങളും ചേർന്നാണ് കൊവിഡിനെതിരെ ബോധവൽക്കരണവും ,രോഗബാധയുള്ള വീടുകളിൽ സഹായമെത്തിക്കലും ഉൾപ്പെടെ നടപ്പാക്കുന്നത്. സൗജന്യ വാക്സിനേഷൻ സംസ്ഥാനത്തിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന സാഹചര്യമാണ് വരുന്നത്. വാക്സിൻ ചലഞ്ച് വിജയിച്ചാലും ,കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായം നേടാനായില്ലെങ്കിൽ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാവും.
കൊവിഡ് പരിശോധനയ്ക്ക് കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ
കണ്ണൂർ: കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. അടിയന്തരമായി രണ്ട് സെന്ററുകൾ തുടങ്ങാനാണ് ആലോചിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ കൊവിഡ് ചികിത്സയ്ക്ക് അമിത ഫീസ് ഈടാക്കുന്നുണ്ടെന്ന പരാതി പരിശോധിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയ പ്രദേശങ്ങളിൽ നിയന്ത്രണം കടുപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി പൊതു, സ്വകാര്യ സ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടാൻ പാടില്ല. ജില്ലയിലെ വാക്സിനേഷൻ സെന്ററുകളിലെ തിരക്ക് നിയന്ത്രിക്കാൻ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കണ്ണൂർ ജില്ലാ കളക്ടർ ടി.വി. സുഭാഷ് അറിയിച്ചു.