kundamonkadave

മലയിൻകീഴ്: കൊവിഡ് വ്യാപനം വർദ്ധിക്കുന്നതിന്റെ ഭാഗമായി ഗ്രാമങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണം ഫലം കണ്ടു. അനാവശ്യമായി വാഹനങ്ങളുമായി റോഡിലിറങ്ങിയവർക്ക് കടുത്ത പിഴയും ശകാരവും. വിവിധ ആവശ്യങ്ങൾ നിരത്തി റോ‌ഡിലിറങ്ങിയവരെ യാത്രയുടെ ആവശ്യം ബോദ്ധ്യമായതിന് ശേഷമേ കടത്തിവിട്ടുള്ളൂ.

അന്തിയൂർക്കോണം, തച്ചോട്ടുകാവ് കുണ്ടമൺകടവ് തുടങ്ങിയ സ്ഥലങ്ങളിൽ പുലർച്ചെ മുതൽ പൊലീസ് സജീവമായി രംഗത്തുണ്ടായിരുന്നു. വിളപ്പിൽശാല, മാറനല്ലൂർ തുടങ്ങിയ പൊലീസ് സ്റ്റേഷൻ പരിധിയിലും കർശന വാരാന്ത്യ പരിശോധന ഉണ്ടായിരുന്നു. നഗരാതിർത്തിയായ കുണ്ടമൺകടവിൽ പരിശോധനയും പിഴ ചുമത്തലും കടുപ്പിച്ച് പൂജപ്പുര പൊലീസ് രംഗത്തെത്തിയതോടെ ഇതുവഴിയുള്ള യാത്ര നന്നേ കുറയ്ക്കാനായി. മാസ്ക്, ഹെൽമെറ്റ് വ്യക്തമായ യാത്രാരേഖ എന്നിവയില്ലാതെ തുണ്ട് പേപ്പറിൽ സത്യവാങ് മൂലം എഴുതി പോക്കറ്റിൽ തിരുകിയൊക്കെ പൊലീസിനെ കബളിപ്പിക്കാൻ നിരവധി യാത്രക്കാർ ശ്രമം നടത്തിയിരുന്നു. എന്നാൽ കൃത്യമായ രേഖയും കാരണങ്ങളുമില്ലാതെ കുണ്ടമൺകടവ് പാലം കടക്കാൻ പൊലീസ് ആരെയും അനുവദിച്ചില്ല. കാട്ടാക്കട മണ്ഡലത്തിലെ 6 ഗ്രാമപഞ്ചായത്തുകളിൽ കൊവിഡ് രോഗികളുടെ എണ്ണം അഞ്ഞൂറ് കടന്ന സാഹചര്യത്തിൽ പൊലിസ് കർശന പരിശോധനയാണ് നടത്തിയത്.