police

കിളിമാനൂർ: ശനിയാഴ്ച നിയന്ത്രണങ്ങൾക്ക് ലോക്ക് ഡൗൺ പ്രതീതിയായിരുന്നെങ്കിൽ ഇന്നലെ ഹർത്താൽ പ്രതീതിയായിരുന്നു കിളിമാനൂർ -വെഞ്ഞാറമൂട് പ്രദേശങ്ങളിൽ. ഏറെ പേരും നിയന്ത്രണങ്ങളോട് സ്വയം പൊരുത്തപ്പെട്ടപ്പോൾ ചിലയിടങ്ങളിൽ കടകമ്പോളങ്ങൾ പതിവുപോലെ തുറന്നു. ഇവിടങ്ങളിൽ പൊലീസെത്തി അവശ്യ സർവീസുകളൊഴികെയുള്ളവ അടപ്പിച്ചു.

കെ.എസ്.ആർ.ടി.സി മുപ്പത് ശതമാനം പോലും സർവീസ് നടത്തിയില്ല. കിളിമാനൂർ മേഖലയിൽ ശക്തമായ നിരീക്ഷണമാണ് പൊലീസ് ഏർപ്പെടുത്തിയത്. സംസ്ഥാനപാതയിൽ ജില്ലാഅതിർത്തിയായ തട്ടത്തുമല വാഴോട് പൊലീസ് ബാരിക്കേഡ് വച്ച് വാഹനങ്ങൾ പരിശോധിച്ചു. അകാരണമായി എത്തിയ വാഹനങ്ങൾ പലതിനെയും തിരിച്ചയച്ചു. റൂറൽ പൊലീസ് മേധാവിയുടെ മേൽ നോട്ടത്തിലായിരുന്നു നിരീക്ഷണവും പരിശോധനയും. നഗരൂർ സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച നിയമലംഘനം നടത്തിയതിന്റെ പേരിൽ 123 കേസുകൾ എടുത്തതായി നഗരൂർ സ്റ്റേഷൻ ഓഫീസർ അറിയിച്ചു.

കിളിമാനൂർ മേഖലയിൽ കൊവിഡ് രോഗികളുടെ ഗ്രാഫ് ഉയർന്നു തന്നെ

ശനിയാഴ്ച വരെ കിളിമാനൂർ പഞ്ചായത്തിൽ കൊവിഡ് പോസിറ്റീവായവരുടെ എണ്ണം 86ആണ്. ഇവരിൽ 84 പേർ സ്വന്തം വീടുകളും രണ്ടുപേർ ആശുപത്രിയിലും ചികിത്സയിലാണ്. 32 പേർക്ക് രോഗം ബാധിച്ച പഞ്ചായത്തിലെ ഒമ്പതാം വാർഡാണ് രോഗബാധിതരുടെ കാര്യത്തിൽ മുന്നിൽ. വാർഡിലെ കണ്ണങ്കര കോണം കോളനിയിലാണ് പോസിറ്റീവ് കേസുകൾ ഏറെയും. ഇവിടെ ആവശ്യക്കാർക്ക് ഭക്ഷണം, മരുന്ന് എന്നിവ എത്തിച്ചതായും, കാര്യങ്ങൾ നിരീക്ഷിക്കുന്നതിനായി കൺട്രോൾ റൂം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ് പറഞ്ഞു.

പഴയകുന്നുമ്മേൽ പഞ്ചായത്തിൽ 28 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തതെന്ന് സ്ഥിരം സമിതി അദ്ധ്യക്ഷൻ ജി.എൽ. അജീഷ് പറഞ്ഞു. ഇവർ വീടുകളിൽ ചികിത്സയിലാണ്.