കല്ലമ്പലം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രണ്ടുദിവസമായി നിയന്ത്രണം കടുപ്പിച്ചതോടെ കല്ലമ്പലം ലോക്ക് ഡൗണിന് സമാനമായി. ആവശ്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങിയില്ല. പച്ചക്കറി, മെഡിക്കൽ സ്റ്റോർ, മത്സ്യവ്യാപാരം, ഹോട്ടൽ എന്നിവ ഒഴിച്ചാൽ കല്ലമ്പലം മേഖലയിൽ മറ്റു കടകളൊന്നും തുറന്നില്ല. സർവീസുകൾ നടത്തിയ കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാർ വളരെ കുറവായിരുന്നു. പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന നടത്തി. സ്വകാര്യ വാഹനങ്ങളിൽ സാമൂഹിക അകലം പാലിക്കാതെ യാത്ര ചെയ്തവർക്ക് ഫൈൻ നൽകി.
പലരും മാസ്ക് താടിക്ക് താഴെ ധരിച്ചത് പൊലീസിന് വലിയ തലവേദനയായി.
ഒറ്റൂരിൽ കഴിഞ്ഞദിവസങ്ങളിൽ 18 ഓളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മണമ്പൂർ സി.എച്ച്.സിയിൽ രജിസ്റ്റർ ചെയ്ത 200 പേർക്കുള്ള വാക്സിൻ വിതരണം കഴിഞ്ഞദിവസം നടന്നു. ഇന്നു മുതൽ വീണ്ടും തുടരുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. എന്നാൽ ഒറ്റൂർ, ചെമ്മരുതി, പള്ളിക്കൽ, കരവാരം, നാവായിക്കുളം പഞ്ചായത്തുകളിൽ വാക്സിൻ ഇല്ലാത്തത് കാരണം 15 ദിവസമായി വാക്സിനേഷൻ മുടങ്ങിയിരിക്കുകയാണ്. ഇതുമൂലം രണ്ടാംഘട്ട വാക്സിനേഷൻ എടുക്കാനുള്ളവർ ഏറെ ബുദ്ധിമുട്ടിലായി. ഒറ്റൂർ, മണമ്പൂർ, കരവാരം, ചെമ്മരുതി, നാവായിക്കുളം പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി പി.എച്ച്.സിയിലെ പ്രവർത്തനങ്ങൾ ലഘൂകരിക്കാൻ വിവിധ സ്കൂളുകളിൽ നിന്നും അദ്ധ്യാപകരുടെ സേവനവും ലഭ്യമാക്കി തുടങ്ങി. കൊവിഡ് ബാധിച്ചവരുടെ സമ്പർക്ക പട്ടിക കണ്ടെത്തി അവർക്ക് വേണ്ട മാർഗ നിർദ്ദേശങ്ങൾ നൽകുന്ന ചുമതലയാണ് അദ്ധ്യാപകർക്ക് നൽകിയിട്ടുള്ളത്.