നെയ്യാറ്റിൻകര: കൊവിഡിന്റെ പേരിൽ ആവശ്യത്തിന് സർവീസുകൾ നടത്താതെ കെ.എസ്.ആർ.ടി.സി
ബസുകൾ ഷെഡ്ഡിൽ ഒതുക്കുന്നതായി പരാതി. യാത്രക്കാർ ദുരിതത്തിലായിട്ടും നടപടിയെടുക്കാൻ അധികൃതർ തയ്യാറാകുന്നില്ല. ബസുകളുടെ ബാറ്ററിയും ഡീസൽ ടാങ്കും കഴുകിവൃത്തിയാക്കാനെന്ന പേരിലാണ് തിരുവനന്തപുരത്തെ ഈഞ്ചക്കലുള്ള നാലേക്കർ വസ്തുവിലും ആനയറയിലും കെ.എസ്.ആർ.ടി.സി ബസുകളെ ഒതുക്കി ഇട്ടിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ തിരുവനന്തപുരം ജില്ലയിലെ നിരവധി ഡിപ്പോകളിൽ നിന്നായി ഒട്ടനവധി വാഹനങ്ങൾ ഇത്തരത്തിൽ ഷെഡ്ഡിൽ എത്തിച്ചിട്ടുണ്ട്. ഒരാൾക്ക് പോലും കടന്ന് പോകാൻ പറ്റാത്ത രീതിയിലാണ് വാഹനങ്ങൾ ഇട്ടിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിൽ ആകെ 21 ഡിപ്പോകളുണ്ട്. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ 21 ഡിപ്പോകളിൽ നിന്നുമുള്ള 300 ഓളം ബസുകളാണ് ഇവിടെ ഒതുക്കിയിട്ടിട്ടുള്ളത്.
ചില കെ.എസ്.ആർ.ടി.സി വാഹനങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കാതെ യാത്രാക്കാരെ കുത്തിനിറച്ച് വന്നതിനെ തുടർന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും പൊലീസും ഹെൽത്ത് ഡിപ്പാർട്ട്മെന്റും ചേർന്ന് കണ്ടക്ടറുടെയും ഡ്രൈവറുടെയും പേരിൽ പിഴ ഈടാക്കിയിരുന്നു. ഈ സാഹചര്യങ്ങൾ തുടരുന്നതിനിടെയാണ് ബസുകൾ ഷെഡ്ഡിൽ ഒതുക്കുന്നത് പതിവാക്കിയിട്ടുള്ളത്.
തിക്കിത്തിരക്കിയുള്ള യാത്ര കാരണം ഡ്രൈവറും കണ്ടക്ടറുമാരും ഉൾപ്പെടെയുള്ളവർക്ക് ദിനം പ്രതി കൊവിഡ് ബാധിക്കുന്നതായി വിവരമുണ്ട്. പഴയതുപോലെ സാനിറ്റൈസറോ, മാസ്കോ, ഷീൽഡോ ഒന്നും തന്നെ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് നൽകുന്നില്ല. ഇത് കൊവിഡ് വ്യാപനത്തിന് കാരണമാകുന്നുമുണ്ട്. കെ.എസ്.ആർ.ടി.സിയിലാകട്ടെ പ്രതിരോധ വാക്സിനും കാമ്പെയിനും നടത്തുന്നുമില്ല.
മാനദണ്ഡങ്ങൾ പാലിക്കുന്നില്ല
3 പേർ ഇരിക്കാവുന്ന സീറ്റിൽ 2 പേർക്കും, 2 പേർ ഇരിക്കാവുന്ന സീറ്റിൽ ഒരാളെന്നും, നിറുത്തി യാത്ര ചെയ്യിക്കാൻ പാടില്ലായെന്നുള്ള കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി ആൾക്കാരെ കുത്തി നിറച്ച് സർവീസ് നടത്തുന്നത്. ഈ സാഹചര്യം നിലനിൽക്കെ ബസുകളെ കൂട്ടത്തോടെ ഷെഡ്ഡിലൊതുക്കിയത് വ്യാപകപ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.