തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അച്ചടക്കനടപടിയെടുത്തു. മലയിൻകീഴ് സ്റ്റേഷനിലെ എ.എസ്.ഐ ഹരീഷ്, നെയ്യാറ്റിൻകര സ്റ്റേഷനിലെ എസ്.സി.പി.ഒ അജിത്ത് എന്നിവരെയാണ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിൻ സസ്‌പെൻഡ് ചെയ്‌തത്.

തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് കാട്ടാക്കട മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി വീടുകളിൽ കയറി വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്‌തതിനാണ് ഹരീഷിനെ സസ്‌പെൻഡ് ചെയ്‌തത്. സമൂഹ മാദ്ധ്യമങ്ങളിൽ കൂടി നെയ്യാറ്റിൻകര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയതാണ് അജിത്തിനെതിരായ അച്ചടക്ക നടപടിക്ക് കാരണം. എന്നാൽ ഇവർക്കെതിരെ ആരും പരാതി നൽകിയിരുന്നില്ല. ഡി.ഐ.ജിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം നടത്തിയത്.

തിരഞ്ഞെടുപ്പ് ദിവസത്തിന്റെ തലേന്ന് ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിറുത്തി. ജില്ലാ പൊലീസ് മേധാവിയോട് സംഭവത്തെപ്പറ്റി അന്വേഷിച്ച് അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ഡി.ഐ.ജി ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിൽ ഇവർ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് നടപടി. തുടരന്വേഷണത്തിനും ഡി.ഐ.ജി ഉത്തരവിട്ടു.