l

150 നഴ്‌സുമാരേയും 150 ക്ലീനിംഗ് സ്റ്റാഫിനേയും ഉടൻ നിയമിക്കും


തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായ തലസ്ഥാനത്ത് അതീവഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ജീവൻരക്ഷിക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു.

കൊവിഡ് ചികിത്സയ്ക്കായി 486 കിടക്കകൾ മാറ്റിവച്ചിട്ടുണ്ടെങ്കിലും അത് 1400 കിടക്കകളായി ഉയർത്തണമെന്ന് ഇന്നലെ ആരോഗ്യവകുപ്പ് വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 1100 കിടക്കകളും എസ്.എ.ടി ആശുപത്രിയിൽ 300കിടക്കകളുമാണ് സജ്ജമാക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ 115ഐ.സി.യു കിടക്കകൾ 200ആക്കി വർദ്ധിപ്പിക്കും. അതിൽ 130 എണ്ണം വെന്റിലേറ്റർ സൗകര്യമുള്ളതായിരിക്കും. 227ഓക്‌സിജൻ കിടക്കകൾ 425ആയി വർദ്ധിപ്പിക്കും. പുതിയ ഉപകരണങ്ങൾക്ക് പുറമേ മറ്റാശുപത്രികളിൽ ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങളും മെഡിക്കൽ കോളേജിലേക്ക് മാറ്റും.150 നഴ്‌സുമാരേയും 150 ക്ലീനിംഗ് സ്റ്റാഫിനേയും എൻ.എച്ച്.എം വഴി അടിയന്തരമായി നിയമിക്കും. നഴ്‌സുമാരുടെ വാക്ക് ഇൻ ഇന്റർവ്യൂ തിങ്കളാഴ്‌ച മെഡിക്കൽ കോളേജിൽ നടക്കുന്നതാണ്. ആരോഗ്യ വകുപ്പ് ജോ. സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ ചേ‌ർന്ന യോഗത്തിൽ ജില്ലാ ഡെവലപ്‌മെന്റ് കമ്മിഷണർ ഡോ. വിനയ് ഗോയൽ, സ്‌പെഷ്യൽ ഓഫീസർ ഡോ. ബി.എസ്. തിരുമേനി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ. റംലാ ബീവി, ആരോഗ്യ വകുപ്പ് അഡിഷണൽ ഡയറക്ടർ ഡോ. രാജു തുടങ്ങിയവ‌ർ പങ്കെടുത്തു.

രോഗികളെ മാറ്റിത്തുടങ്ങി

കൊവിഡ് ഇതരരോഗികളെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് മാറ്റും. കൂടാതെ 16,17,18,19 വാർഡുകളിലും ഇത്തരം രോഗികളെ ചികിത്സിക്കും. ഇതോടെ കൊവിഡിതര കിടക്കകൾ 450 ആയി ചുരുങ്ങും. അടിയന്തരമല്ലാത്ത എല്ലാ ശസ്ത്രക്രിയകളും മാറ്റിവയ്ക്കും. ഗുരുതരമല്ലാത്ത രോഗികളെ ജനറൽ ആശുപത്രിയിലേക്കും തൈക്കാട് ആശുപത്രിയിലേക്കും ബാക്ക് റഫറലായി മാറ്റും. കാസ്‌പ് കാർഡുള്ള രോഗികൾക്ക് കാസ്പ് അക്രഡിറ്റഡ് പ്രൈവറ്റ് ആശുപത്രിയിലേക്കും മാറ്റും.