ആറ്റിങ്ങൽ: യൂത്ത് കോൺഗ്രസ് മുദാക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനിൽകുമാറിനും കുടുംബത്തിനും നിർമ്മിച്ച വീടിന്റെ പാലുകാച്ച് നടന്നു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങിൽ കെ.പി.സി.സി സെക്രട്ടറി എം.എ. ലത്തീഫ് നിലവിളക്ക് കൊളുത്തി. ഇളമ്പ ഉണ്ണികൃഷ്ണൻ, ശരുൺകുമാർ, സുജിത് ചെമ്പൂര്, എം.എസ്. അഭിജിത്, അനന്ദു, അജിൻ, വസന്ത എന്നിവർ പങ്കെടുത്തു.
തകർന്നു വീഴാറായ വീട്ടിൽ യാതൊരു സുരക്ഷയുമില്ലാതെ കഴിഞ്ഞിരുന്ന ആനിൽകുമാറിന്റെ കുടുബത്തെക്കുറിച്ച് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്ന് കുടുംബത്തിന് വീട് നിർമ്മിച്ചു നൽകാൻ യൂത്ത് കോൺഗ്രസ് മുദാക്കൽ മണ്ഡലം കമ്മിറ്റി മുന്നോട്ടു വരികയായിരുന്നു. പഴയ വീട് പൊളിച്ചു നീക്കി അവിടെ 500 ചതുരശ്ര അടിയിൽ കോൺക്രീറ്റ് വീടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിർമ്മിച്ചു നൽകിയത്.