നിരവധി ദേശീയ അന്താരാഷ്ട്ര അംഗീകാരങ്ങളും പുരസ്കാരങ്ങളും കരസ്ഥമാക്കി ശ്രദ്ധനേടിയ തി.മി.രം പ്രദർശനത്തിനെത്തുന്നു. 29ന് ഉച്ചയ്ക്ക് 2.30ന് നീസ്ട്രീം ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെയാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ തിമിരം എന്ന രോഗത്തെകുറിച്ചാണ് സിനിമ പ്രതിപാദിക്കുന്നത്. തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന എഴുപതുകാരനായ സുധാകരന്റെ തുടർജീവിത വികാസങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങൾ സ്വന്തം സ്വത്വം ഉയർത്തിപ്പിടിക്കുന്ന അഭിമാനികളാണ്. സിനിമ ചർച്ച ചെയ്യുന്ന രാഷ്ട്രീയവും അതുതന്നെയാണ്. സുധാകരനുമായി നേരിട്ടുമല്ലാതെയും ഇടപെടുന്ന സ്ത്രീകൾ അയാളിലുണ്ടാക്കുന്ന ഉൾക്കാഴ്ചയ്ക്ക് അറിഞ്ഞോ അറിയാതെയോ കാരണമാകുന്നുവെന്നത് ചിത്രത്തിന്റെ സ്ത്രീപക്ഷ നിലപാടിന്റെ നേർസാക്ഷ്യമാകുന്നു. ഇരുൾമൂടിയ പുറം കാഴ്ചകളെക്കാൾ നമ്മൾ ചെയ്യേണ്ടതും ചികിത്സയ്ക്ക് വിധേയമാകേണ്ടതും ആൺമനസുകളിൽ അവശേഷിക്കുന്ന പുരുഷമേൽക്കോയ്മയെയാണന്ന് സിനിമ അടിവരയിടുന്നു. അതുകൊണ്ടു തന്നെയാണ് ''കണ്ണാണ് പെണ്ണ് "എന്ന ടാഗ്‌ലൈൻ ഉപയോഗിച്ചിരിക്കുന്നതും. ചിത്രം കെ.കെ.സുധാകരൻ, വിശാഖ് നായർ, രചന നാരായൺകുട്ടി, ജി.
സുരേഷ് കുമാർ, പ്രൊഫ. അലിയാർ, മോഹൻ അയിരൂർ, മീരാ നായർ, ബേബി സുരേന്ദ്രൻ, കാർത്തിക, ആശാനായർ, സ്റ്റെബിൻ, രാജേഷ് രാജൻ, പവിത്ര, അമേയ, കൃഷ്ണപ്രഭ, രാജാജി, രമേഷ് ഗോപാൽ, ആശാ രാജേഷ്, മാസ്റ്റർ സൂര്യദേവ്, ബേബി ശ്രേഷ്ഠ എന്നിവരഭിനയിക്കുന്നു. ഇൻഫിനിറ്റി ഫ്രെയിംസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.
കെ. സുധാകരൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന, എഡിറ്റിംഗ്, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് ശിവറാം മണിയാണ്. ഛായാഗ്രഹണം: ഉണ്ണിമടവൂർ, ഗാനരചന: അജാസ് കീഴ്പ്പയ്യൂർ, രാധാകൃഷ്ണൻ പ്രഭാകരൻ, സംഗീതം: അർജുൻ രാജ്കുമാർ, ലൈൻ പ്രൊഡ്യൂസർ: രാജാജി രാജഗോപാൽ: ചീഫ് അസ്സോ: ഡയറക്ടർ: ബിജു കെ. മാധവൻ, ഛായാഗ്രാഹകൻ: മൃതുൽ വിശ്വനാഥ്, പി.ആർ.ഒ: അജയ്തുണ്ടത്തിൽ.