വെള്ളറട: കൊവിഡ് വ്യാപനം വ്യാപകമായ അതിർത്തി ഗ്രാമങ്ങളിൽ പൊലീസ് പരിശോധന കർശനമാക്കി. ദിനംപ്രതി രോഗികളുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങിയതോടെ അതീവ ജാഗ്രത പുലർത്താൻ പൊലീസും ആരോഗ്യ പ്രവർത്തകരും രംഗത്തിറങ്ങിയിട്ടുണ്ട്. മാസ്ക് ശരിയായി ധരിക്കാത്തവരിൽ നിന്നും അനാവശ്യമായി വാഹനങ്ങളിൽ സഞ്ചരിക്കുന്നവരിൽ നിന്നും പിഴ ഈടാക്കും. കേരള- തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ ഇരുസംസ്ഥാനങ്ങളുടെ പൊലീസും പരിശോധന ശക്തമാക്കി. തമിഴ്നാട്ടിലെ നെട്ട ചെക്ക‌്‌പോസ്റ്റുവഴി കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് സഞ്ചരിക്കേണ്ടവർക്ക് ഇ- പാസ് നിർബന്ധമാക്കിയിട്ടുണ്ട്. രോഗവ്യാപനത്തെത്തുടർന്ന് വെള്ളറടയുടെ സമീപ പഞ്ചായത്തുകളിലെല്ലാം ജില്ലാ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. കുന്നത്തുകാൽ,​ അമ്പൂരി,​ ആര്യങ്കോട്,​ കൊല്ലയിൽ,​ പെരുങ്കടവിള പ്രദേശങ്ങളെല്ലാം ഇതിന്റെ പരിധിയിലാണ്.