തിരുവനന്തപുരം : നെടുമങ്ങാട് മണ്ഡലത്തിൽ ബലാബലം മത്സരമാണുണ്ടായതെന്നും, ജയസാദ്ധ്യത പ്രവചനാതീതമാണെന്നുമുള്ള സി.പി.ഐ സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ ശരിയല്ലെന്ന് എൽ.ഡി.എഫ് മണ്ഡലം നേതൃത്വം. ഇക്കുറി മുൻ തിരഞ്ഞെടുപ്പിനെക്കാൾ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജി.ആർ. അനിൽ വിജയിക്കും. 12,080 വോട്ടിന് ജി.ആർ. അനിൽ വിജയിക്കുമെന്നാണ് മണ്ഡലം കമ്മിറ്റി ഉപരി കമ്മിറ്റിക്ക് നൽകിയ കണക്കുകളിലുള്ളത്.
എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന കണക്കിൽ 64,407 വോട്ടുകളാണ് എൽ.ഡി.എഫ് പ്രതീക്ഷിക്കുന്നത്. യു.ഡി.എഫിന് 52,327 വോട്ടും ബി.ജെ.പി ക്ക് 28,966 വോട്ടും ലഭിക്കാനേ സാദ്ധ്യതയുള്ളൂ. ഈ കണക്കിൽ ചില്ലറ വ്യത്യാസം വന്നാലും കുറഞ്ഞത് 8500 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് മണ്ഡലത്തിലെ മുന്നണി നേതൃത്വം ഉറച്ചു വിശ്വസിക്കുന്നു. മണ്ഡലത്തിലെ മുഴുവൻ പ്രദേശങ്ങളെയും 16 മേഖലകളായി തിരിച്ചായിരുന്നു പ്രവർത്തനം. നെടുമങ്ങാട് മുനിസിപ്പാലിറ്റിയെ പൂവത്തൂർ, പഴകുറ്റി, കരിപ്പൂര് ,നെടുമങ്ങാട് എന്നിങ്ങനെ നാല് കമ്മിറ്റികളായും കരകുളം പഞ്ചായത്തിനെ കരകുളം, മുക്കോല, വട്ടപ്പാറ എന്നിങ്ങനെ മൂന്ന് കമ്മിറ്റികളായും തിരിച്ചിരുന്നു. കണിയാപുരം. അണ്ടൂർക്കോണം, വേങ്ങോട്, പോത്തൻകോട്, കോലിയക്കോട്, മാണിക്കൽ,നന്നാട്ടുകാവ്, വെമ്പായം, തേക്കട എന്നിങ്ങനെയാണ് മണ്ഡലത്തെ ലോക്കൽ കമ്മിറ്റി അടിസ്ഥാനത്തിൽ തിരിച്ചത്. എല്ലായിടത്തും ലീഡ് ചെയ്യുമെന്നാണ് മണ്ഡലം നേതൃത്വം മേൽഘടകത്തിന് നൽകിയ കണക്കുകളിലുള്ളത്.