ആറ്റിങ്ങൽ: പട്ടണത്തിൽ പ്രതിദിനം കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ രണ്ട് പ്രാഥമിക ചികിത്സാകേന്ദ്രങ്ങൾ തുറക്കാൻ നഗരസഭാ അധികൃതർ തീരുമാനിച്ചു. ഇതിന് ജില്ലാ ഭരണകൂടം അടിയന്തിര അനുമതി നൽകി. മാമത്തെ പൂജ കൺവെൻഷൻ സെന്ററും വലിയകുന്ന് ഗവ. സ്പോർട്സ് ഹോസ്റ്റലുമാണ് ചികിത്സാകേന്ദ്രങ്ങളായി തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ടിടങ്ങളിലുമായി 250 രോഗികളെ ചികിത്സിക്കുന്നതിനുള്ള സജ്ജീകരണമാണ് വലിയകുന്ന് താലൂക്കാശുപത്രിയുടെ സഹകരണത്തോടെ നഗരസഭ ഒരുക്കുന്നത്. നിലവിൽ നഗരസഭാ പരിധിയിലെ ചിറ്റാറ്റിൻകര പ്രദേശം കണ്ടെയ്മെന്റ് സോണാണ്. രോഗവ്യാപനം വർദ്ധിക്കുന്നതിന് മുമ്പ് തന്നെ ചികിത്സാകേന്ദ്രങ്ങൾ തുറന്ന് ആരോഗ്യമേഖലയിലെ പ്രതിസന്ധി തരണം ചെയ്യാനാണ് നഗരസഭ ശ്രമിക്കുന്നതെന്ന് ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി പറഞ്ഞു. നഗരസഭാ ഓഫീസിൽ നടന്ന അടിയന്തിരയോഗത്തിൽ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, പാർലമെന്ററി പാർട്ടി സെക്രട്ടറി ആർ.രാജു, നഗരസഭ സെക്രട്ടറി എസ്. വിശ്വനാഥൻ, ഹെൽത്ത് സൂപ്പർവൈസർ ബി. അജയകുമാർ, ജെ.എച്ച്.ഐ മഞ്ചു എന്നിവർ പങ്കെടുത്തു.