നെടുമങ്ങാട്: കൊവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗം മലയോരത്ത് രൂക്ഷമെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. 20 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവ് നിരക്ക്. 2500 -ഓളം കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. ജലദോഷവും വൈറൽ ഫിവറുമായി ചികിത്സ തേടുന്ന മൂന്നു പേരിൽ ഒരാൾ എന്ന ക്രമത്തിൽ പോസിറ്റീവാണെന്ന് ആശുപത്രി വൃത്തങ്ങൾ വെളിപ്പെടുത്തി. നെടുമങ്ങാട് ഗവണ്മെന്റ് ആശുപത്രിയിൽ ഇന്നലെ 113 പേരിൽ നടത്തിയ റാപ്പിഡ് പരിശോധനയിൽ 45 പോസിറ്റിവ് കേസുണ്ട്. 65 പേരുടെ ആർ.ടി.പി.സി.ആർ ഫലം വരാനിരിക്കുന്നതേയുള്ളൂവെന്ന് സൂപ്രണ്ട് ഇൻ-ചാർജ്ജ് ഡോ. മുഹമ്മദ് അഷ്‌റഫ് അറിയിച്ചു. രണ്ടു പേരെക്കൂടി ഐസ്വലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. മിക്ക ആശുപത്രികളിലും ഐസ്വലേഷൻ വാർഡുകളില്ലാത്ത സ്ഥിതിയാണ്. ജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും നഗരസഭാ ആരോഗ്യവിഭാഗം ഇൻസ്പെക്ടർ കിരണും അറിയിച്ചു. വട്ടപ്പാറ എസ്.യു.ടി മെഡിക്കൽ കോളേജിൽ ഐസ്വലേഷൻ വാർഡ് ക്രമീകരണം ഇനിയും പൂർത്തിയായിട്ടില്ല. ഇവിടെ, മരാമത്ത് പണികൾ അന്തിമഘട്ടത്തിലാണ്. ജില്ലാ ആശുപത്രിയിൽ കൊവിഡ് ഡ്യൂട്ടിക്ക് നിയമിതരായ എൻ.ആർ.എച്ച്.എം ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്. ഫസ്റ്റ് ലെവൽ ട്രീറ്റ്‌മെന്റ് സെന്റർ സജ്ജമാക്കിയ വാളിക്കോട് റിംസ് ആശുപത്രിയിൽ 58 പേർ കൊവിഡ് ചികിത്സയിലുണ്ട്. ഇതേസമയം, പ്രതിരോധ കുത്തിവയ്പ്പിന് നടപ്പാക്കിയ ഓൺലൈൻ രജിസ്‌ട്രേഷൻ ജനങ്ങളെ വലയ്ക്കുകയാണെന്ന് പരാതി ഉയർന്നിട്ടുണ്ട്. വാക്സിൻ ക്ഷാമത്തോടൊപ്പം ഓൺലൈൻ രജിസ്‌ട്രേഷൻ കൂടിയായതോടെ ആശുപത്രി വരാന്തകളിലും അക്ഷയകേന്ദ്രങ്ങളിലും പരക്കം പായേണ്ട ഗതികേടിലാണ് നാട്ടുകാർ. രണ്ടാം ഡോസ് വാക്സിൻ എടുക്കാൻ വീണ്ടും രജിസ്റ്റർ ചെയ്യണമെന്ന നിർദേശം കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചത്. സ്പോട്ട് രജിസ്‌ട്രേഷൻ നിറുത്തിവച്ചതായുള്ള അറിയിപ്പുകളും ഇതോടൊപ്പം ആശുപത്രികളിൽ ഉയർന്നു. വെബ്‌സൈറ്റ് തകരാറും ഒ.ടി.പി ലഭിക്കുന്നതിലുള്ള കാലതാമസവും വലയ്ക്കുന്നുണ്ട്. ഒരു ഫോൺ നമ്പറിൽ നിന്ന് അഞ്ച് പേർക്ക് മാത്രമാണ് രജിസ്റ്റർ ചെയ്യാവുന്നത്. സർക്കാർ ആശുപത്രികളിൽ നാമമാത്രമായ വാക്സിനേഷനെ നിലവിൽ നടക്കുന്നുള്ളൂ. ഒന്നും രണ്ടും ഡോസുകൾ ഉൾപ്പടെ രണ്ടു ദിവസങ്ങളിലായി 2,100 പേർക്ക് മാത്രമാണ് കുത്തിവയ്പ് നൽകിയിട്ടുള്ളത്.

കൈത്താങ്ങായി കെ.എസ്.ആർ.ടി.സി

നെടുമങ്ങാട്: പതിവ് യാത്രക്കാരെ സംരക്ഷിക്കുന്നതിൽ കെ.എസ്.ആർ.ടി.സി പുലർത്തിയ ജാഗ്രതയ്ക്ക് അഭിനന്ദന പ്രവാഹം. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ശനിയും ഞായറും ബൈ റൂട്ടുകളിൽ ഉൾപ്പടെ സർവീസ് നടത്തിയാണ് സ്ഥിരം യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സി കൈത്താങ്ങായത്. യാത്രക്കരെ തിരുകിക്കയറ്റി സർവീസ് നടത്തിയിരുന്ന റൂട്ടുകളിൽ രണ്ടും മൂന്നും യാത്രക്കാരുമായി ലക്ഷ്യസ്ഥലത്തേക്ക് പാഞ്ഞ ട്രാൻ. ബസുകൾ യാത്രക്കാർക്ക് മാത്രമല്ല, നാട്ടുകാർക്കും പുതിയ കാഴ്ചയായി. പൊലീസ് തീർത്ത ബാരിക്കേഡുകൾക്കും നിർബന്ധിത പരിശോധനയ്ക്കും ഇടയിൽ സ്വകാര്യ സ്ഥാപനങ്ങളിലും മറ്റും പണിയെടുക്കുന്ന താത്കാലിക ജീവനക്കാർക്കും കൂലിവേലയ്ക്ക് പുറപ്പെട്ട തൊഴിലാളികൾക്കും കെ.എസ്.ആർ.ടി.സിയുടെ സേവനം ഏറെ ആശ്വാസകരമായിരുന്നു. ആദ്യദിനത്തിൽ പ്ലസ്ടു പരീക്ഷ എഴുതാനെത്തിയ കുട്ടികൾ ട്രാൻ. ബസുകളെ ആശ്രയിച്ചാണ് സ്കൂളിലെത്തിയതും മടങ്ങിയതും. ഞായറാഴ്ച വിവാഹങ്ങളുമായി ബന്ധപ്പെട്ട് കുടുംബസമേതം ബസ് സ്റ്റാൻഡുകളിലെത്തിയ യാത്രക്കാർക്കും ബസ് സർവീസുകൾ പ്രയോജനകരമായി. സർവീസുകൾ യാത്രക്കാർക്ക് പരമാവധി പ്രയോജനപ്പെടുത്താൻ ഡ്രൈവർമാരും കണ്ടക്ടർമാരും ചെലുത്തിയ ശ്രദ്ധയും അഭിനന്ദനാർഹമായിരുന്നു. തിരുവനന്തപുരം - നെടുമങ്ങാട്, പാലോട് - നെടുമങ്ങാട്, കാട്ടാക്കട - നെടുമങ്ങാട്, ആറ്റിങ്ങൽ - നെടുമങ്ങാട്, വട്ടപ്പാറ - നെടുമങ്ങാട്, വിതുര - നെടുമങ്ങാട്, കുളത്തൂപ്പുഴ - പാലോട് എന്നീ റൂട്ടുകളിലും ബോണക്കാട്, ബ്രൈമൂർ, ഉണ്ടപ്പാറ തുടങ്ങിയ ഹൈറേഞ്ച് റൂട്ടുകളിലും കെ.എസ്.ആർ.ടി.സിയുടെ സേവനം പ്രയോജനപ്രദമായിരുന്നു. കി.മീറ്ററിന് 2 രൂപ പോലും കിട്ടാത്ത സ്ഥിതിയായിരുന്നെങ്കിലും കർഫ്യുവിനെ തുടർന്ന് അനിശ്ചിതത്വത്തിലായ നിരത്തുകളിൽ പ്രതീക്ഷ ഉണർത്തുന്നതായിരുന്നു ട്രാൻ. ബസുകളുടെ ഇരമ്പം. ചെറുകിട കച്ചവടക്കാർക്കും പഴക്കടക്കാർക്കും ശീതള പാനീയങ്ങളും ചായയും വിൽക്കുന്ന തട്ടുകടകൾക്കും നാമമാത്രമെങ്കിലും കെ.എസ്.ആർ.ടി.സി ബസ് സർവീസ് സഹായമായി. ആകെയുള്ള ഷെഡ്യൂളിൽ 40% മാത്രമാണ് നിരത്തിലോടിയത്. നെടുമങ്ങാട്- 24, വെഞ്ഞാറമൂട്- 17, കാട്ടാക്കട - 20, വെള്ളനാട് - 12, പാലോട് - 14, കുളത്തൂപ്പുഴ - 20, വിതുര- 15 എന്ന ക്രമത്തിലാണ് പ്രാദേശിക ഡിപ്പോകളിൽ സർവീസ് നടന്നത്. ദീർഘദൂര സർവീസുകൾ പൂർണമായും റദ്ദാക്കി. യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സിയോട് മതിപ്പുളവാക്കാൻ പുതിയ പരീക്ഷണം വഴിയൊരുക്കിയെന്നും തുടർന്നുള്ള ദിവസങ്ങളിലും ഈ രീതി അവലംബിക്കുമെന്നും മാനേജിംഗ് ഡയറക്ടറുടെ ഓഫീസ് പ്രതികരിച്ചു.