നെടുമങ്ങാട്: അരുവിക്കര, ഉഴമലയ്ക്കൽ, കാട്ടാക്കട പഞ്ചായത്തുകളിൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരും. മറ്റിടങ്ങളിൽ പൊതുഅവധി പിന്നിട്ടുവെങ്കിലും തിങ്കളാഴ്ചയും വാഹനപരിശോധന കർശനമാക്കും. അനധികൃത യാത്രക്കാരിൽ നിന്ന് പിഴ ഈടാക്കാനും കേസ് രജിസ്റ്റർ ചെയ്യാനും നെടുമങ്ങാട് പൊലീസ് സബ് ഡിവിഷൻ അധികൃതർ തീരുമാനിച്ചു. ടെസ്റ്റ് പോസിറ്റിവ് നിരക്ക് ക്രമാതീതമായി പെരുകുന്നുവെന്ന ആരോഗ്യവിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് പൊലീസ് നടപടി. അരുവിക്കര -160, ഉഴമലയ്ക്കൽ - 80, കാട്ടാക്കട - 155, ആര്യനാട് - 125, വിതുര - 130, ആനാട് - 160, കരകുളം - 135 എന്നിങ്ങനെയാണ് ഇതുവരെ റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ. അഞ്ചു പേരിൽ കൂടുതൽ കൂട്ടം ചേരാൻ പാടില്ലെന്നും വിവാഹം,മരണം എന്നിവിടങ്ങളിൽ 25 ൽ കൂടുതൽ ആളുകൾ സംഗമിക്കാൻ പാടില്ലെന്നും നെടുമങ്ങാട് ഡിവൈ.എസ്.പി ഉമേഷ്‌കുമാർ അറിയിച്ചു.മാസ്ക് പരിശോധനയുമായി ബന്ധപെട്ട് ഇതേവരെ ആയിരത്തിലേറെ കേസുകളിൽ പിഴ ചുമത്തി. സാമൂഹ്യ അകലം പാലിക്കാത്തതിനും സാനിറ്റൈസർ ഉപയോഗിക്കാത്തതിനും ഇരുനൂറോളം കടയുടമകൾക്ക് എതിരെയും കേസ് ചുമത്തിയിട്ടുണ്ട്.