1

ശ്രീകാര്യം: ഒരിഞ്ചു കനത്തിൽ മണ്ണുണ്ടാകാൻ ആയിരം വർഷം വേണം. അപ്പോൾ ഇത്രയും മണ്ണുണ്ടാവാൻ എത്രയോ ലക്ഷം വർഷങ്ങൾ എടുത്തുകാണാം. ഇങ്ങനെ ചിന്തിക്കുമ്പോൾ അറിയാം എത്രത്തോളം വിലപ്പെട്ടതാണ് നമുക്ക് ചുറ്റുമുള്ള മണ്ണെന്ന്. കണക്കില്ലാതെ വെട്ടിനിരത്തിയും മലിനമാക്കിയും മണ്ണിനെ നശിപ്പിക്കാതിരിക്കാൻ മണ്ണിന്റെ മഹത്ത്വം നാം അറിഞ്ഞിരിക്കണം. മണ്ണിനെ അറിയാനായി തലസ്ഥാനത്ത് മ്യൂസിയം തന്നെയുണ്ടെന്ന് എത്രപേർക്കറിയാം. ശ്രീകാര്യത്തിനടുത്ത് പാറോട്ടുകോണത്താണ് സംസ്ഥാന
സർക്കാരിന്റെ കീഴിലുള്ള മണ്ണുപരിവേക്ഷണ-സംരക്ഷണ വകുപ്പിന്റെ മണ്ണുപരിശോധനശാല സ്ഥിതിചെയ്യുന്നത്. മലയാള നാട്ടിലെ സമ്പന്നമായ മണ്ണിന്റെ വൈവിദ്ധ്യം മുഴുവൻ പാറോട്ടുകോണത്തെ മണ്ണ് മ്യൂസിയത്തിൽ ആധുനിക സാങ്കേതിക മികവോടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ മണ്ണുപരിശോധനയ്ക്കുള്ള വിശാലമായ ലാബാണ് സജ്ജമാക്കിയിട്ടുള്ളത്. മുകളിലത്തെ രണ്ടു നിലകളിലാണ് മ്യൂസിയം സ്ഥിതിചെയ്യുന്നത്. മൈക്രോ ബയോളജി ലാബ് കൂടി സജ്ജമാകുന്നതോടെ രാജ്യത്തെത്തന്നെ ഏറ്റവും വിപുലവും പ്രധാനപ്പെട്ടതുമായ മണ്ണ് മ്യൂസിയമായി പാറോട്ടുകോണത്തെ മ്യൂസിയം മാറും.

14 ജില്ലകളിലെയും മണ്ണിന്റെ പരിച്ഛേദം

മ്യൂസിയത്തിന്റെ താഴത്തെ നിലയിൽ ഏറ്റവും ശ്രദ്ധേയമാവുന്നത് സംസ്ഥാനത്തെ 14 ജില്ലകളുടെയും വിവിധ ഭാഗങ്ങളിൽനിന്നെടുത്ത 82 മണ്ണു പരിച്ഛേദികകളാണ്. മേൽ മണ്ണു മുതൽ രണ്ടുമീറ്റർ വരെ ആഴത്തിൽ വെട്ടിയെടുത്ത പാളിയാണ് പരിച്ഛേദിക. അതിലെ ചെറുവേരുകൾ പോലും സംരക്ഷിക്കാനുള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ട്. വനം, തീരം, പാടം, ചെങ്കൽപ്പറമ്പുകൾ , കടൽ നിരപ്പിനെക്കാൾ താഴ്ന്ന കരകൾ തുടങ്ങി പലതരം സ്ഥലങ്ങളിലെയും മണ്ണിന്റെ ഘടന ഇവിടെ കാണാം. എടുത്ത സ്ഥലം, ആ മണ്ണിന്റെ ഭൗതികവും രാസപരവും ജൈവികവുമായ സവിശേഷതകൾ, ഏതു കൃഷിക്കാണ് നല്ലത്, കൃഷി വിജയിക്കാൻ എന്തു ചേർക്കണം തുടങ്ങിയ വിവരങ്ങൾ ഓരോ പരിച്ഛേദികയ്‌ക്കൊപ്പവും വിവരണമായി രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പെട്ടികളിലാക്കി കൊണ്ടുവന്ന 20 പരിച്ഛേദികകൾ കൂടി ഉടൻ പ്രദർശിപ്പിക്കും.

പാറകളിൽ നിന്ന് അടർന്ന മണൽത്തരികൾ

കൂടാതെ പലതരം പാറകളുടെയും ധാതുക്കളുടെയും കഷണങ്ങൾ, അവ പൊടിഞ്ഞിട്ടുണ്ടാകുന്ന പല വലിപ്പത്തിലുള്ള മണൽത്തരികൾ, മണ്ണ് തുടങ്ങിയവയുടെ സാമ്പിളുകളും കാണാം. വിവിധ മണ്ണിനങ്ങൾ കേരളത്തിൽ എവിടെയൊക്കെ എന്നു കാണിക്കാൻ അവ കൊണ്ടുണ്ടാക്കിയ ത്രിമാന ഭൂപടവും ഇവിടെ ഒരുക്കിയിട്ടുണ്ട്. അരുവികൾ പിറക്കുന്ന മലകൾ മുതൾ സമതലങ്ങളും നീർത്തടങ്ങളും വരെയുള്ള ഭൂദൃശ്യം, ഉരുൾ പൊട്ടലിനുള്ള സാഹചര്യം തുടങ്ങിയവയുടെ ത്രിമാന മാതൃകകളും വളരെ കൗതുകകരമാണ്. മണ്ണും ജലവും സംരക്ഷിക്കാനുള്ള മഴക്കുഴികൾ, കയ്യാലകൾ, തടങ്ങൾ, തടയണകൾ, ജൈവ വേലി തുടങ്ങിയവയുടെയും കോൾ, കായ്പാട്, കുട്ടനാട്, പൊക്കാളി പാടങ്ങളുടെ മാതൃകകളും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്. വ്യവസായങ്ങൾ, നഗരവത്കരണം, യുദ്ധംപോലുള്ള ആകസ്മിക സംഭവങ്ങൾ, കീടനാശിനികളുടെ അമിത ഉപയോഗം തുടങ്ങി മണ്ണിനെ മലിനമാക്കുന്ന നിശ്ചലമാതൃകകളും വിവരണത്തോടെ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. 2014 ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് മ്യുസിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

ലോകത്തെ 12 ഇനങ്ങളിൽ 8 ഇനവും നമുക്കുണ്ട്

ലോകത്താകെ പന്ത്രണ്ടിനം മണ്ണുകൾ ഉണ്ടെന്നാണ് അമേരിക്കൻ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുള്ളത്. അതിൽ എട്ടിനം മണ്ണും നമ്മുടെ ഈ കൊച്ചു കേരളത്തിലുണ്ട്. ജീവന്റെ നിലനില്പിന് ആധാരമായ അമൂല്യ വരദാനമാണ് മണ്ണ്‍. നമ്മെ നിലനിർത്തുന്ന ഈ ജീവാമൃതം തികഞ്ഞ ഉത്തരവാദിത്തത്തോടെ സംരക്ഷിക്കേണ്ടതും അതേപടി വരും തലമുറയ്ക്ക്‌ കൈമാറേണ്ടതും നമ്മുടെ കർത്തവ്യമാണ്. ഫലപുഷ്ടിയുള്ള മണ്ണാണ് ചെടികളുടെ ആരോഗ്യകരമായ വളർച്ചയ്കും ഉയർന്ന ഉത്‌പാദനത്തിനും നിദാനം. മണ്ണ്‍ അറിഞ്ഞ് വളം ചെയ്‌താൽ മാത്രമേ നല്ല ഉത്പാദനം ലഭിക്കുകയുള്ളൂ.

വളപ്രയോഗം കൃഷിയിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. പൊതുവായ ഒരു രാസവള ശുപാർശയുടെ അടിസ്ഥാനത്തിലാണ് കർഷകർ സാധാരണയായി വള പ്രയോഗം നടത്തുന്നത്. എന്നാൽ, ഇത് എല്ലാ വിളകൾക്കും ഏത് പ്രദേശത്തേയ്ക്കും എപ്പോഴും ഫലപ്രദമായിരിക്കണമെന്നില്ല. അതിനാൽ വളപ്രയോഗം കൂടുതൽ കാര്യക്ഷമവും ലാഭകരവുമാക്കാൻ വേണ്ട ഒരു ശാസ്ത്രീയമായ ഉപാധിയാണ് മണ്ണുപരിശോധന. ഓരോ പ്രദേശത്തെയും മണ്ണിന്റെ ഫലപുഷ്ടി അനുസരിച്ച് വിളകൾക്ക് ലഭ്യമാകുന്ന സസ്യപോഷകങ്ങളുടെയും അമ്ല-ക്ഷാരാവസ്ഥകളുടെയും അളവ് നിർണ്ണയിക്കുകയാണ് മണ്ണുപരിശോധന കൊണ്ട് ഉദ്ദേശിക്കുന്നത്.