കാട്ടാക്കട:കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഏറെ ബുദ്ധിമുട്ടിലായത് സമാന്തര പാരലൽ കോളേജുകളും അദ്ധ്യാപകരുമാണ്.കഴിഞ്ഞ ലോക്ക് ഡൗണിൽ ആയിരക്കണക്കിന് അദ്ധ്യാപകരാണ് തൊഴിൽ നഷ്ടപ്പെട്ട് കഷ്ടതയനുഭവിക്കുന്നത്.ലോക്ക് ഡൗണിന് ശേഷം ഘട്ടംഘട്ടമായി പല മേഖലകളും തുറന്നെങ്കിലും 11 മാസത്തോളം കഴിഞ്ഞാണ് പാരലൽ കോളേജുകൾ തുറക്കാൻ തീരുമാനമായത്. ഇക്കാലത്ത് നിലനിൽപ്പിനായി പാരലൽ കോളേജുകൾ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. എന്നാൽ ഭൂരിഭാഗം കുട്ടികളും ഫീസ് നൽകാത്തതും ഇവരെ പ്രതിസന്ധിയിലാക്കി. ഇതെല്ലാം സഹിച്ചാണ് അടുത്ത അദ്ധ്യയന വർഷത്തെക്കുള്ള തയ്യാറെടുപ്പ് ആരംഭിച്ചത്. ഇതിനിടയിലാണ് കൊവിഡ് വ്യാപനം വീണ്ടും ഭീഷണിയായി എത്തിയിരിക്കുന്നത്.
ഇപ്പോൾ പാരലൽ കോളേജുകൾ അടയ്ക്കാൻ സർക്കാർ തീരുമാനമായി. കഴിഞ്ഞ നാലരമാസമായി സർക്കാരിന്റെ എല്ലാ കൊവിഡ് പ്രോട്ടോക്കോളും കർശനമായി പാലിച്ച സ്ഥാപനങ്ങളാണിത്.ഇപ്പോൾ പത്താം തരത്തിന്റെയും പ്ലസ്‌ടുവിന്റെയും പരീക്ഷകൾ നടത്തുന്നത് ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ എന്ന ക്രമത്തിലാണ്. ഇതേ മാനദണ്ഡം കഴിഞ്ഞ നാലര മാസമായി കർശനമായി പാലിക്കുന്ന സ്ഥാപനങ്ങളാണ് സമാന്തര മേഖലയിലുള്ളത്.ബാങ്കുകളിൽ നിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് പാരലൽ വിദ്യാഭ്യാസ മേഖലയിൽ വിനിയോഗിച്ചവർ ഇപ്പോൾ ദുരിതത്തിലാണ്. ഈ കടങ്ങൾ എന്നുവീട്ടാനാകുമെന്ന ആശങ്കയിലാണിവർ. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് എല്ലാ വിഭാഗം ജനങ്ങൾക്കും സമാശ്വാസമായി സർക്കാർ സഹായം ലഭിച്ചെങ്കിലും സമാന്ത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഇവിടത്തെ അദ്ധ്യാപകരെയും തഴഞ്ഞതിൽ പ്രതിഷേധവുമുണ്ട്.
തൊഴിൽ നഷ്ടപ്പെട്ട്
ജില്ലയിൽ 200ൽപ്പരം രജിസ്റ്റർചെയ്ത പാരലൽ കോളേജുകളും അതുപോലെ സ്വകാര്യ ട്യൂഷൻ സെന്ററുകളുമാണ് ഉള്ളത്. സംസ്ഥാനത്ത് തന്നെ അഭ്യസ്ഥവിദ്യരായ മൂന്ന് ലക്ഷത്തിലധികം പേരാണ് ഈ മേഖലയിൽ പണിയെടുക്കുന്നത്. ഇതിൽ 40നും 65നും ഇടയിൽ പ്രായമുള്ള അദ്ധ്യാപകരുമുണ്ട്. ഇവരെ സംബന്ധിച്ചിടത്തോളം ഇനി ഇവർക്ക് സർക്കാർ ജോലികൾക്കോ സ്വകാര്യ ജോലികൾക്കോ ഒന്നും പോകാനാകാത്ത അവസ്ഥയാണ്.
ഫർണിച്ചറുകളും നശിച്ചു
കഴിഞ്ഞ ഒരു വർഷക്കാലം തുടർച്ചയായി അടച്ചിട്ടപ്പോൾ മിക്ക സ്ഥാപനങ്ങളിലെയും ഫർണിച്ചറുകൾ എല്ലാം നശിക്കുകയും ഷെഡുകൾക്ക് നാശം സംഭവിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഇതുവഴി സംഭവിച്ചത്.
ഇന്ന് കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവ് " സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളായി മാറിയിരിക്കുന്നു. കൊവിഡ് കാലത്ത് നാലര മാസം കൊണ്ട് സിലബസ് പ്രകാരം കുട്ടികളെ പഠിപ്പിച്ചെടുത്ത്, അവരെ ആത്മവിശ്വാസത്തോടെ പരീക്ഷയ്ക്ക് വിടാൻ കഴിഞ്ഞതും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേട്ടമാണ്. ഇത്തരം സ്ഥാപനങ്ങൾ കൊവിഡ് കാലത്ത് കടുത്ത പ്രതിസന്ധിയിലാണ്. ഈ മേഖയിലുള്ളവരെ സംരക്ഷിക്കാൻ സർക്കാർ തീരുമാനമുണ്ടാകണം.
അജി അലക്സാണ്ടർ, പ്രസിഡന്റ്
അരുൺകുമാർ കാട്ടാക്കട, ജനറൽ സെക്രട്ടറി
ഓൾ കേരള ട്യൂട്ടോറിയൽ മാനേജ്മെന്റ് അസോസിയേഷൻ