തിരുവനന്തപുരം: അമ്പത് വർഷം മുമ്പ് ഉഡുപ്പിയിൽ നിന്നും ഗണപതിപ്പോറ്റിയും ഭാര്യ യമുനാമ്മാളും അനന്തപുരിയിലേക്ക് കുടുംബ സമേതമെത്തുമ്പോൾ തങ്ങളുടെ മൂത്ത പുത്രൻ സുബ്രഹ്മണ്യൻ പോറ്റി തലസ്ഥാനത്തെ പ്രശസ്‌തമായ പഴഞ്ചിറ ദേവീ ക്ഷേത്രത്തിലെ മേൽശാന്തിയായി മാറുമെന്ന് അവർ കരുതിയിരുന്നില്ല. എന്നാൽ അതായിരുന്നു നിയോഗം. നാട്ടിലെത്തി കുറച്ചു വർഷങ്ങൾക്ക് ശേഷം പഴഞ്ചിറ ക്ഷേത്ര ശാന്തിയായും പിന്നീട് മരിക്കുന്നതുവരെ മേൽശാന്തിയായും അദ്ദേഹം ദേവീ ഉപാസകനായി മാറി. തുടർച്ചയായി 44 വർഷക്കാലം മേൽശാന്തിയായ വ്യക്തി എന്ന വിശേഷണം സുബ്രഹ്മണ്യൻ പോറ്റിക്ക് മാത്രമുള്ളതാണ്. ഭക്തർ തങ്ങളുടെ വേദനയും പ്രയാസങ്ങളും പറഞ്ഞാൽ അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും പ്രശ്‌നനിവാരണത്തിന് അദ്ദേഹം വഴി പറയുകയും ചെയ്യുമായിരുന്നു. അങ്ങനെ ഭക്തരുടെ ആദരം നേടിയ ശാന്തിയെ പഴഞ്ചിറ സ്വാമി എന്നാണ് അവർ വിളിച്ചിരുന്നത്. നിരവധി രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ പ്രമുഖരുമെല്ലാം സ്വാമിയുടെ ഉപദേശങ്ങൾ തേടിയെത്തിയിരുന്നു.