തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നു മംഗലാപുരത്തേക്ക് പഠിക്കാൻ പോകുന്ന വിദ്യാർത്ഥിക്ക് ട്രെയിനിൽ സ്ലീപ്പർ ടിക്കറ്റിന് 380 രൂപ. എന്നാൽ, ആർ.ടി.പി.സി.ആർ പരിശോധന നടത്തി അവിടെ ഹാജരാക്കേണ്ട കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന് കേരളത്തിൽ നൽകേണ്ടത് 1700രൂപ. ഐ.എം.എയുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് റെഡ്ക്രോസ് സൊസൈറ്റിയുമായി ചേർന്ന് നടത്തുന്ന പരിശോധനയ്ക്ക് 700രൂപ മാത്രമാണ് ഈടാക്കുന്നത്. കുറഞ്ഞ നിരക്കിലും പരിശോധന നടത്താനാകുമെന്ന് വ്യക്തം.
രാജ്യത്ത് പി.സി.ആർ.പരിശോധനയ്ക്ക് ഏറ്റവും കൂടുതൽ നിരക്ക് ഈടാക്കുന്നതും കേരളത്തിലെ സ്വകാര്യ ലാബുകളാണ്. ഏറ്റവും കുറഞ്ഞ നിരക്ക് ഒഡിഷയിലാണ്, 400രൂപ. കൊവിഡിന്റെ തുടക്കകാലത്ത് രണ്ടായിരത്തിനു മുകളിലായിരുന്നു നിരക്ക്. മറ്റു സംസ്ഥാനങ്ങളിൽ നിരക്ക് കുറവാണെന്ന വാദം ഉയർന്നതോടെയാണ് രണ്ടുഘട്ടമായി കുറച്ച് 1500ൽ എത്തിയത്. ഇതിനെതിരെ ലാബുകൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വീണ്ടും 1700ആക്കിയതെന്നാണ് സർക്കാർ വാദം. സംസ്ഥാന സർക്കാരിനു കീഴിൽ ആർ.ടി.പി.സി.ആർ പരിശോധന സൗജന്യമാണ്. ഫലം ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കണം എന്നുമാത്രം. പോസിറ്റീവാണെങ്കിൽ മാത്രമേ അറിയിക്കൂ. നെഗറ്റീവാണെങ്കിൽ യാതൊരുവിവരവും നൽകില്ല.
കിറ്റ് 30 മുതൽ 500രൂപവരെ
കൊവിഡിന്റെ ആദ്യകാലത്ത് ആർ.ടി.പി.സി.ആർ പരിശോധനാക്കിറ്റിന് വില കൂടുതലായിരുന്നെങ്കിലും നിലവിൽ 30മുതൽ 500രൂപവരെ നിരക്കിൽ ലഭ്യമാണ്. 30രൂപയുടെ കിറ്റ് ഉപയോഗിക്കുന്നവരും 500 രൂപയുടേത് ഉപയോഗിക്കുന്നവരും 1700രൂപ വാങ്ങുന്നതാണ് വിചിത്രം.
ആന്റിജൻ അട്ടിമറിച്ചു
വൈറസ് സാന്നിദ്ധ്യം തിരിച്ചറിയാൻ കഴിയുന്ന ആന്റിജൻ പരിശോധനയ്ക്ക് ലാഭം കുറവായതിനാൽ അത് അട്ടിമറിച്ചു. 30മുതൽ 150രൂപവരെ നിരക്കിൽ ആന്റിജൻ കിറ്റ് ലഭ്യമാണ്. എന്നാൽ, ആന്റിജൻ പരിശോധനാ നിരക്ക് 300രൂപയാണ്. ഇതിൽ കുറഞ്ഞ കിറ്റ് ഉപയോഗിച്ചാലും ലാഭം കുറവായതിനാലാണ് ആന്റിജൻ പരിശോധന അട്ടിമറിച്ചതെന്നാണ് ആക്ഷേപം.
പരിശോധനാനിരക്ക്
ആന്ധ്രാ പ്രദേശ് 499
തെലങ്കാന 500
മഹാരാഷ്ട്ര 500
ഉത്തർപ്രദേശ് 500
കർണാടക 800
തമിഴ്നാട് 1200
'കുറഞ്ഞ നിരക്കിലും പരിശോധന നടത്താമെന്ന് ഐ.എം.എ തെളിയിച്ചിരിക്കുകയാണ്. സർക്കാർ മുൻകൈയെടുത്ത് പരിശോധനാനിരക്ക് കുറയ്ക്കാൻ നടപടിയെടുക്കണം.'
-ഡോ.സിബി കുര്യൻ ഫിലിപ്പ്,
സെക്രട്ടറി,ഐ.എം.എ
തിരുവനന്തപുരം