china

തങ്ങളുടെ ആദ്യ ചൊവ്വാപര്യവേക്ഷണ പേടകമായ ടിയാൻവെൻ - 1 ദൗത്യത്തിന്റെ റോവറിന് പുരാണ കഥാപാത്രത്തിന്റെ പേര് നൽകി ചൈന. പരമ്പരാഗത ചൈനീസ് വിശ്വാസമനുസരിച്ച് അഗ്നിയുടെയും യുദ്ധത്തിന്റെയും ദേവനായ 'ഷുറോംഗി"ന്റെ പേരാണ് റോവറിന് നൽകിയിരിക്കുന്നതെന്ന് ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

കഴിഞ്ഞ ജൂലായിൽ വിക്ഷേപിച്ച ടിയാൻവെൻ - 1 പേടകത്തിനുള്ളിലാണ് റോവറിപ്പോൾ. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ടിയാൻവെൻ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയിരുന്നു. മേയ് പകുതിയോടെ ടിയാൻവെന്നിന്റെ റോവർ ചൊവ്വയുടെ ഉപരിതലത്തിലിറക്കാനാണ് പദ്ധതി. പ്രകാശം പരത്തുന്നതിനും ഭൂമിയിൽ ഇരുട്ട് നീക്കി വെളിച്ചം കൊണ്ടുവരുന്നതിനും മനുഷ്യനെ തീ സഹായിക്കുന്നതിന്റെ പ്രതീകമായാണ് റോവറിന് ഷുറോംഗ് എന്ന പേര് നൽകിയിരിക്കുന്നത്. 240 കിലോഗ്രാം ഭാരമുള്ള ഷുറോംഗ് റോവറിൽ പനോരമിക് - മൾട്ടിസ്പെക്ട്രൽ കാമറകളും പാറകളുടെ ഘടന പഠിക്കാനുള്ള ഉപകരണങ്ങളുമുണ്ട്.

ചൊവ്വ പര്യവേക്ഷണം കൂടാതെ നിരവധി ബഹിരാകാശ പദ്ധതികൾ ചൈനയിലൊരുങ്ങുന്നുണ്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് സമാനമായ ബഹിരാകാശ നിലയം, ചന്ദ്രനിൽ മനുഷ്യനെ എത്തിക്കുക എന്നിവ ചൈന ലക്ഷ്യമിടുന്നു. ചന്ദ്രന്റെ മറുവശത്ത് (Far side of the moon)​ ആദ്യമായി പര്യവേക്ഷണ വാഹനമിറക്കിയ രാജ്യം ചൈനയാണ്. 2019ൽ ചാംഗ് ഇ - 4 എന്ന പേടകത്തെ വിജയകരമായി ചന്ദ്രോപരിതലത്തിലിറക്കിയാണ് ചൈന ചരിത്രം കുറിച്ചത്.

2013ൽ സോവിയറ്റ് യൂണിയനും അമേരിക്കയ്ക്കും ശേഷം ചന്ദ്രനിൽ ചൈന പേടകമിറക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ചന്ദ്രനിൽ ചൈന പാറക്കഷണങ്ങൾ ഭൂമിയിലേക്കെത്തിച്ചിരുന്നു. 1970കൾക്ക് ശേഷം ആദ്യമായിട്ടായിരുന്നു ഇത്. ചൊവ്വയിലെ യുട്ടോപ്യ പ്ലാനിഷ്യ (Utopia Planitia) എന്ന പ്രദേശത്താണ് ഷുറോംഗ് റോവർ ലാൻഡ് ചെയ്യുക. ഭൂഗർഭ ഐസ് പാളികൾ ഉണ്ടെന്ന് കണ്ടെത്തിയ ഇവിടെയാണ് 1976ൽ യു.എസിന്റെ വൈക്കിംഗ് 2 ലാൻഡർ ഇറങ്ങിയത്. ചൊവ്വയിലെ ജലസാന്നിദ്ധ്യവും അന്തരീക്ഷവുമാണ് പഠനവിധേയമാക്കുക.

ഷുറോംഗ് റോവർ സുരക്ഷിതമായി ചൊവ്വയിലിറങ്ങിയാൽ യു.എസിന് ശേഷം ചൊവ്വയിൽ റോവർ ഇറക്കുന്ന രണ്ടാമത്തെ രാജ്യമാകും ചൈന. മാത്രമല്ല, സോവിയറ്റ് യൂണിയനും യു.എസിനും ശേഷം ചൊവ്വയിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന മൂന്നാമത്തെ രാജ്യമെന്ന നേട്ടവും ചൈനയ്ക്ക് സ്വന്തമാകും.