dd

വിതുര: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആദിവാസി സമൂഹം ദുരിതചുഴിയിലായി. നാട്ടിൻപുറങ്ങളിലെ പോലെ ആദിവാസി ഉൗരുകളിലും കൊവിഡ് താണ്ഡവമാടുകയാണ്. ദിനം പ്രതി രോഗികളുടെ എണ്ണം ഉയരുകയാണ്. കൊവിഡ് ബാധിച്ച നിരവധി ആദിവാസികൾ പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാതെ വനാന്തരങ്ങളിൽ ദുരിതം പേറി കഴിയുന്നുണ്ട്.

മിക്ക ഉൗരുകളിൽ നിന്നും ഇവർ പുറത്തിറങ്ങാറുമില്ല. വനപ്രദേശങ്ങളിൽ കഴിയുന്നവർ ഭക്ഷണത്തിനും മരുന്നിനും ബുദ്ധിമുട്ട് നേരിടുന്നതായും പരാതിയുണ്ട്. വിതുര, തൊളിക്കോട്, ആര്യനാട്, പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിലായി നൂറുകണക്കിന് ആദിവാസികൾക്കാണ് കൊവിഡ് പിടികൂടിയത്. മിക്കവരും കൊവിഡ് വാക്സിൻ എടുത്തിട്ടില്ല. അനവധി പേർ മരിക്കുകയും ചെയ്തു. അറിയിപ്പ് നൽകിയിട്ടും മിക്കവരും കൊവിഡ് ടെസ്റ്റിന് എത്താൻ വിമുഖത കാട്ടുന്നതായാണ് ആരോഗ്യവകുപ്പിന്റെ പരാതി. വിതുര തൊളിക്കോട് പഞ്ചായത്തുകളിൽ ആദിവാസികൾക്കായി പ്രത്യേകം ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ബോധവത്കരണം നടത്തിയെങ്കിലും സ്ഥിതിഗതികൾ പഴയ പടിതന്നെ. ആദിവാസികൾക്ക് സൗജന്യറേഷൻ നൽകണമെന്നാവശ്യവും ഉയർന്നിട്ടുണ്ട്.

തൊളിക്കോട് പഞ്ചായത്ത്

തൊളിക്കോട് പഞ്ചായത്തിലെ ചെട്ടിയാംപാറ ആദിവാസി മേഖലയിൽ കൊവിഡിന്റെ താണ്ഡവം തുടരുകയാണ്. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചയാൾ കുഴഞ്ഞു വീണ് മരിച്ചു. നേരത്തേ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേർ മരണപ്പെട്ടിരുന്നു. ഇരുപതോളം പേർ വാ‌ർഡിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ചെട്ടിയാംപാറ വാ‌ർഡിനെ കണ്ടെയ്മെന്റ്സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. സമീപത്തെ വാർഡുകളായ പനയ്ക്കോട്, കണിയാരംകോട് വാ‌ഡുകളിലും രോഗികളുടെ എണ്ണം ഉയർന്നുവരികയാണ്. കൊവിഡ് വ്യാപനം രൂക്ഷമായ ചായം വാ‌ർഡും കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്തിൽ ഇതുവരെ കൊവിഡ് ബാധിച്ച് 12 പേർ മരിച്ചു. നിലവിൽ നൂറിൽ പരം പേർ ചികിത്സയിലാണ്. കൊവിഡ് വാക്സിൻ ലഭിക്കാത്തത് പ്രതിരോധപ്രവർത്തനങ്ങൾക്ക് തടസമായി മാറിയിട്ടുണ്ട്.

വിതുര പഞ്ചായത്ത്

വിതുര പഞ്ചായത്തിലെ മരുതാമല, മണലി വാ‌ർഡുകളിൽ കൊവിഡ് പിടിമുറുക്കി കഴിഞ്ഞു. മരുതാമല വാ‌ർഡിലെ ചാത്തൻകോട്, ചെമ്മാംകാല, മണലി ആദിവാസി ഉൗരുകളിലാണ് കൊവിഡ് താണ്ഡവമാടുന്നത്. ചാത്തൻകോട് മേഖലയിൽ മുപ്പതിൽ പരം ആദിവാസികൾക്ക് രോഗം പിടികൂടി. കൊവിഡ് ബാധിച്ച് ഒരു ആദിവാസി മരണപ്പെടുകയും ചെയ്തു. മണലി ആദിവാസി മേഖലയിൽ 22 പേർക്ക് കൊവിഡ് പിടികൂടി. പഞ്ചായത്തിൽ കൊവിഡ് ബാധിച്ച് ഇരുനൂറോളം പേർ ചികിത്സയിലാണ്. ഇതുവരെ 11 പേർ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി

കൊവിഡ് വ്യാപനം മുൻനിറുത്തി വിതുര, തൊളിക്കോട് പഞ്ചായത്തുകളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ജെ. സുരേഷും വി.എസ്. ബാബുരാജും അറിയിച്ചു. വാ‌ർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേർന്ന് ജാഗ്രതാസമിതികൾ രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. ജനങ്ങൾ കൂടുതലായി എത്തുന്ന. പ്രധാനകേന്ദ്രങ്ങളിൽ മരുന്ന് തളിച്ച് അണുവിമുക്തമാക്കി. ഹെൽപ്പ് ഡെസ്കുകൾ സ്ഥാപിച്ചു. കൊവിഡ് വ്യാപനം ചെറുക്കുന്നതിനായി പെലീസിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധനകളാണ് നടക്കുന്നത്.